തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല ചെയ്യപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ഒരു മലയാളി പെൺകുട്ടിയുടെ ജീവൻ ദുരൂഹ സാഹചര്യത്തിൽ അവസാനിച്ചത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖകരവുമാണ്. സാവരിയയുടെ കുടുംബത്തിന്റെ ആഴമേറിയ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു എന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും, നാട്ടിലെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലാകമാനം ഗുരുതരമായ ചതവുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി മരണത്തിന് മുൻപ് അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ഗുരുതരമായ എല്ലാ ആരോപണങ്ങളും അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. മതംമാറ്റത്തിന് നിർബന്ധിച്ചതായും, നിരന്തരമായി മാനസികവും ശാരീരികവുമായ പീഡനങ്ങൾ നൽകി മരണത്തിലേക്ക് നയിച്ചുവെന്നുമുള്ള ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം വേണം. വിദേശരാജ്യങ്ങളിൽ പോലും ഇത്തരത്തിൽ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ക്രൂരമായ പീഡനങ്ങളും നടക്കുന്നു എന്നത് ഭയമുളവാക്കുന്നതാണ്. എന്ത് വിശ്വസിച്ചാണ് രക്ഷിതാക്കൾ ഇനി മക്കളെ വിദേശത്തേക്ക് പഠിക്കാൻ അയക്കുക എന്ന ചോദ്യം ഉയർത്തുന്ന അനൂപ് ആന്റണി, വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി ഉണ്ടായേ തീരൂ എന്ന് ഓർമ്മിപ്പിച്ചു.
സാവരിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തിയത് കേന്ദ്ര സർക്കാരിന്റേയും ഇന്ത്യൻ എംബസിയുടേയും സജീവമായ ഇടപെടൽ മൂലമാണ്. കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ എല്ലാ ഇടപെടലുകളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. സാവരിയ ബസന്തിന്റെ മരണത്തിലെ യഥാർത്ഥ സത്യം പുറത്തുവരികയും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. സാവരിയയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നത് വരെ ബിജെപി കൂടെയുണ്ടാകുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി.

