Sunday, May 5, 2024
spot_img

ഗജവീരന്മാർക്കായി ഒരു ദിനം! ഇന്ന് ലോക ഗജദിനം, പ്രാധാന്യവും ചരിത്രവും അറിയാം

ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. കരയിലെ ഏറ്റവും വലിയ സസ്തനിയിപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനകളോടുള്ള ക്രൂരതയും ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമൊക്കെ തുടരുന്നതിനിടെയാണ് മറ്റൊരു ആന ദിനം കൂടിയെത്തിയിരിക്കുന്നത്.

ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.

നീണ്ട മൂക്കുള്ള ജന്തുവർഗത്തെ പ്രൊബോസീഡിയ എന്നാണ് വിളിക്കുന്നത്. പണ്ടു ഭൂമിയിൽ 352 ഇനം ഈ വിഭാഗത്തിൽപ്പെടുന്ന ആനയെ പോലുള്ള ജീവികൾ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ, ഇന്നു രണ്ടിനമേ അവശേഷിക്കുന്നുള്ളൂ; ആഫ്രിക്കനും ഏഷ്യനും. 4000 –6500 കിലോഗ്രാം ഭാരമായിരിക്കും ആഫ്രിക്കൻ ആനയ്ക്കുണ്ടാകുക. കൂടാതെ ആണിനും പെണ്ണിനും കൊമ്പുണ്ടാകും. എന്നാൽ ഏഷ്യൻ ആനകൾക്ക് 3000–5000 കിലോഗ്രാം ഭാരമാകും ഉണ്ടാവുക. ആണിനു മാത്രമേ കൊമ്പുണ്ടാകു. ആനകൾക്ക് കാഴ്ചശക്തിയെക്കാൾ കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവുമാണ് കൂടുതൽ. മറ്റൊരു പ്രത്യേകത ഏറ്റവും നീണ്ട ഗർഭകാലമുള്ള ജീവിയാണ് ആന, 22 മാസം.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജൻ, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ തുടങ്ങിയവയാണ് മലയാളികളുടെ ആനകളിലെ സൂപ്പർ സ്റ്റാറുകൾ. ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയെന്നാണ് തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രനെ വിശേഷിപ്പിക്കുന്നത്. തൃശൂർ പൂരം എന്ന് കേട്ടാൽ മലയാളികളുടെ മനസ്സിൽ നിറയുന്നത് നടവാതിൽ തുറന്ന് പൂര വിളംബരം നടത്താൻ എത്തുന്ന രാമനെയാണ് . ഏഷ്യയിൽ ഏറ്റവും പൊക്കം കൂടിയ ആനകളിൽ രണ്ടാമൻ കൂടിയാണ് രാമൻ.
ആനകളുടെ അഴക് വർണിക്കുന്ന മാതംഗലീലയിൽ പറഞ്ഞിരിക്കുന്ന ഒട്ടു മിക്ക സവിശേഷതകളും നിറഞ്ഞ ഗജ വീരനാണ് മംഗലാംകുന്ന് കർണൻ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ തിളങ്ങിയ താരമാണ് ചിറക്കൽ കാളിദാസൻ.

Related Articles

Latest Articles