Thursday, May 23, 2024
spot_img

വനവാസി യുവാവിനെതിരായ കള്ളക്കേസ്; സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന്പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മിഷൻ; അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ വനവാസി യുവാവ് സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കേരളാ പോലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മിഷൻ. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരതക്ക് ഇരയായ വനവാസി യുവാവ് സരുൺ സജി നൽകിയ പരാതിയിലാണ് കമ്മിഷന്‍റെ ഇടപെടൽ.

കേസിൽ പ്രതികളായ 13 പേരിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരും പിടിയിലായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്‍റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

പീരുമേട് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് തേടിയ കമ്മിഷൻ ഉപ്പുതറ എസ്എച്ച്ഒയോട് നേരിൽ ഹാജരാകാനും ആവശ്യപ്പെട്ടു. ഇടുക്കി വന്യജീവി സങ്കേതത്തിലെ വൻമാവ് ചെക്ക് പോസ്റ്റിൽ 2022 സെപ്തംബർ 20നു രാവിലെ ഒമ്പതു മണിയോടെ നടത്തിയ പരിശോധനയിൽ സരുൺ സജിയുടെ ഓട്ടോറിക്ഷയിൽ നിന്ന് വന്യമൃഗത്തിന്റെ മാംസം ലഭിച്ചെന്നാണ് വനവകുപ്പിന്റെ കള്ളക്കേസ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എഫ് അന്വേഷണം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട്​ നൽകിയിരുന്നു. തുടർന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസിസ്റ്റന്‍റ്​ ഫോറസ്റ്റ് കൺസർവേറ്ററുമായ ബി. രാഹുൽ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന്​ സസ്​പെൻഡും ചെയ്തു.

വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും മർദ്ദിച്ചെന്നും ചൂണ്ടിക്കാട്ടി 2022 ഡിസംബർ അഞ്ചിന് സരുൺ ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സ്പെഷ്യൽ കോടതി തള്ളി. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിചെങ്കിലും അനുകൂല വിധി ലഭിച്ചില്ല.

Related Articles

Latest Articles