Sunday, September 20, 2026

ജനാധിപത്യത്തിന്റെ മഹാവിജയം! എസ്‌ഐആർ ശരിവെച്ച് സുപ്രീംകോടതി

ദില്ലി : വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്‌.ഐ.ആർ) സുപ്രീം കോടതിയുടെ പൂർണ്ണ അംഗീകാരം. കമ്മീഷന്റെ നടപടിക്രമങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി നിലവിലുള്ള യാതൊരുവിധ നിയമങ്ങളുടെയോ ഭരണഘടനാ വ്യവസ്ഥകളുടെയോ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ വിധി പുറപ്പെടുവിച്ചത്. ഇതോടെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന വിവാദങ്ങൾക്കാണ് ഇപ്പോൾ കോടതി വിധിയിലൂടെ അറുതിയായിരിക്കുന്നത്.

കൃത്യതയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്ക് എസ്‌.ഐ.ആർ വലിയൊരു ചുവടുവെപ്പാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രക്രിയ ഇന്ത്യൻ ഭരണഘടനയ്ക്ക് കൂടുതൽ കരുത്തുപകരുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സാധാരണയായി നടത്തുന്ന വോട്ടർപട്ടിക പുതുക്കലിൽ നിന്നും ഇത് വ്യത്യസ്തമാണെന്ന കാരണത്താൽ കമ്മീഷന്റെ നടപടി നിയമവിരുദ്ധമോ കമ്മീഷന്റെ പരിധിക്കപ്പുറമുള്ളതോ ആണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഈ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കിയ കോടതി, വോട്ടർമാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തെരഞ്ഞെടുപ്പിന്റെ സുതാര്യതയും തമ്മിൽ കൃത്യമായ ഒരു സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കമ്മീഷന് സാധിച്ചിട്ടുണ്ടെന്നും വിലയിരുത്തി.

അസാധാരണ സാഹചര്യങ്ങളിൽ വോട്ടർപട്ടിക സമഗ്രമായി പുനഃക്രമീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾ അത്യാവശ്യമായിരുന്നുവെന്നും അതിന് മറ്റ് ബദൽ മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും നാല് പ്രധാന ചോദ്യങ്ങളെ മുൻനിർത്തി കോടതി വിശദീകരിച്ചു. ഈ പ്രക്രിയയിൽ തിരുത്തലുകൾ വരുത്താനും പരാതികൾ പരിഹരിക്കാനും പൊതുജനങ്ങൾക്ക് നിരവധി അവസരങ്ങൾ കമ്മീഷൻ നൽകിയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി എസ്‌.ഐ.ആർ നടപടികൾ ആരംഭിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളും കമ്മീഷനും തമ്മിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടന്നിരുന്നത്. എന്നാൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഇല്ലാതാക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന് നിയമപരമായ ഏറ്റവും വലിയ ഉറപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles