Saturday, November 14, 2026

തലസ്ഥാനത്ത് നാടകീയ സംഭവങ്ങൾ: പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് മർദ്ദനം; പരിക്കേറ്റവർ സ്റ്റേഷനിൽ, വൻ പൊലീസ് സന്നാഹം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആകെ അങ്കലാപ്പിലാക്കി മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വൻ സംഘർഷം. പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ചുണ്ടായ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കും ‍ഡ്രൈവർക്കും പരിക്കേറ്റു.

ഇന്ന് വൈകിട്ടോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപ്രതീക്ഷിതമായി ഉണ്ടായ സംഘർഷത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം സി.പി.എം പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. അക്രമത്തിൽ പൂർണ്ണമായും തകർന്ന ഇ.ഡിയുടെ വാഹനം നിലവിൽ പൊലീസ് ഇടപെട്ട് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷ മുൻനിർത്തി നിലവിൽ ഇ.ഡി ഉദ്യോഗസ്ഥരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ആക്രമണത്തിൽ പരിക്കേറ്റ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ഉടൻ തന്നെ മറ്റൊരു സുരക്ഷിത വാഹനത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥലത്ത് ഇപ്പോഴും കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

Related Articles

Latest Articles