Wednesday, May 8, 2024
spot_img

മുംബൈയിൽ 6000 കിലോ ഭാരവും 90 അടി നീളവുള്ള കൂറ്റൻ ഇരുമ്പ് പാലം മോഷണം പോയ സംഭവം ; 4 പേർ പിടിയിൽ ; കള്ളനുണ്ടായിരുന്നത് കപ്പലിൽ തന്നെ !

മുംബൈ : അഴുക്കുചാലിനു മുകളിൽ സ്ഥാപിച്ചിരുന്ന 6000 കിലോ ഭാരവും 90 അടി നീളവുള്ള കൂറ്റൻ ഇരുമ്പ് പാലം മോഷണം പോയ സംഭവത്തിൽ നാലു പേർ മുംബൈ പോലീസിന്റെ പിടിയിലായി. മുംബൈ നഗരത്തിലെ മലാഡ് വെസ്റ്റിലാണ് ഈ വിചിത്ര മോഷണം റിപ്പോർട്ട് ചെയ്തത്. ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കുന്നതിനാവശ്യമായ നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനാണ് 90 അടി നീളമുള്ള താൽക്കാലിക ഇരുമ്പ് പാലം സ്ഥാപിസിച്ചിരുന്നത്. കോൺക്രീറ്റ് പാലത്തിൻെറ നിർമ്മാണം പൂർത്തിയായതോടെ സുരക്ഷിത സ്ഥാനത്തേക്ക് ഇരുമ്പ് പാലം മാറ്റിവച്ചു . എന്നാൽ കഴിഞ്ഞ മാസം 26 ന് പാലം മോഷണം പോയതായി കണ്ടെത്തി. ഇതോടെ പാലം നിർമിക്കുന്നതിനു കരാർ ഏറ്റെടുത്ത കമ്പനി പോലീസിൽ പരാതി നൽകി.

പാലം താൽകാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസി ടിവികൾ ഇല്ലാത്തത് ആദ്യ ഘട്ടത്തിൽ അന്വേഷണത്തെ വലച്ചുവെങ്കിലും സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോയി. പാലം സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ ദിശയിലേക്ക് കഴിഞ്ഞ 11ന് ഒരു വലിയ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കുകയും ഇതിന്റെ നമ്പർ പിന്തുടർന്നു നടത്തിയ അന്വേഷണം മോഷ്ടാക്കളിലേക്ക് എത്തുകയുമായിരുന്നു.

പാലം നിർമിക്കാൻ കരാർ എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടാളികളുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പാലത്തിലെ 6,000 കിലോഗ്രാം ഭാരമുള്ള ഇരുമ്പായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് കട്ടിങ് മെഷീനുകളാണ് വലിയ വാഹനത്തിലുണ്ടായിരുന്നതെന്നും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles