Saturday, May 18, 2024
spot_img

കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഒരു കിലോമീറ്റർ ഉയരത്തില്‍ നിന്നും കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി സ്വദേശി ആന്റണി രാജിനെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം
പകൽ പന്ത്രണ്ട് മണിയോടെ മൂന്നാർ-മറയൂർ റോഡിൽ പെരിയവര ചെക്ഡാമിന് സമീപമായിരുന്നു അപകടം.

മലമുകളിൽ നിന്ന് അടർന്നു വീണ കൂറ്റൻ പാറയിൽ നിന്ന് തെറിച്ച പാറക്കഷണം ഓടിക്കൊണ്ടിരുന്ന കാറിൽ വീഴുകയായിരുന്നു. ചിന്നക്കനാലിൽ നിന്നുള്ള വിനോദ സഞ്ചാരികളെ രാജമല സന്ദർശനത്തിനായി ഇറക്കിയ ശേഷം ഭക്ഷണം കഴിക്കുന്നതിനായി മൂന്നാറിലേക്ക് കാറോടിച്ച് വരികയായിരുന്നു ആന്റണി രാജ്.
പൂർണമായും തകർന്ന കാറിനുള്ളിൽ അകപ്പെട്ട ആന്റണിയെ സമീപത്തുണ്ടായിരുന്ന വഴിയോരക്കച്ചവടക്കാരൻ ജഗദീഷും വഴിയാത്രക്കാരും ചേർന്ന് കാറിന്റെ വാതിൽ പൊളിച്ചാണ് പുറത്തെടുത്തത്. താഴേക്ക് പതിച്ച വലിയ പാറ പ്രധാന റോഡിന്റെ തൊട്ടു മുകളിൽ പതിച്ച ശേഷം അവിടെ നിന്ന് തെറിച്ച് റോഡിന്റെ ഒരു വശത്തെ ടാറിംഗ് തകർത്ത് സമീപത്തുള്ള പുഴയോരത്ത് പതിക്കുകയായിരുന്നു.

Related Articles

Latest Articles