Sunday, May 5, 2024
spot_img

മണിപ്പൂർ സംഘർഷം: നിയന്ത്രണത്തിലെന്ന് ഇന്ത്യൻ സൈന്യം, ഫ്ലാഗ് മാർച്ച് തുടരും; മണിപ്പൂരിലേക്കുള്ളട്രെയിൻ സർവീസുകൾ നിർത്തലാക്കി

ഇംഫാൽ: മണിപ്പൂർ സംഘർഷം നിയന്ത്രണത്തിലെന്ന് ഇന്ത്യൻ സൈന്യം. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് രാത്രിയും തുടർന്നു. ഫ്ലാഗ് മാർച്ച് തുടരുമെന്നും സൈന്യം അറിയിച്ചു.
വിവിധയിടങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വയ്ക്കുന്നതായി റെയിൽവേ അറിയിച്ചു. കലാപം അവസാനിക്കും വരെ ട്രെയിനുകൾ മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനനുസരിച്ചാണ് തീരുമാനമെന്നും റെയിൽവേ അറിയിച്ചു. കലാപകലുഷിതമായ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ നിർദ്ദേശം നൽകി. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി. സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനവും നീട്ടിയിട്ടിട്ടുണ്ട്.

സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവർണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവർണർ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. സംഘർഷം നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ ഗവർണർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

അക്രമ ബാധിത സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 9000 ത്തോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. സൈനിക ക്യാമ്പിലേക്കും സർക്കാർ ഓഫീസിലേക്കുമാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, തൗബൽ, അടക്കം 8 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയർത്തിയത്.

ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ ചുരാചന്ദ്പൂരിലെ തോർബങ്ങിൽ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. റാലി ബിഷ്ണുപൂരിലെത്തിയപ്പോൾ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം ഈ അക്രമം വ്യാപിച്ചു.

Related Articles

Latest Articles