Tuesday, November 17, 2026

വെള്ളാപ്പള്ളിയ്ക്ക് കനത്ത തിരിച്ചടി ! എസ്എൻഡിപി ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി ;പുതിയ ഡയറക്ടർ ബോർഡ് നിയമാനുസൃത തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കണമെന്ന് നിർദേശം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. ബോർഡ് മെമ്പർമാരെയും കോടതി അയോഗ്യരാക്കി. കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടിആർ രവിയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ , വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്.

അന്തരിച്ച പ്രൊഫ. എം.കെ. സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. 2006 മുതൽ കണക്കുകൾ ബോധിപ്പിക്കാത്തതും നിയമനടപടികൾ പാലിക്കാത്തതുമാണ് കോടതി കണ്ടെത്തിയത്. 2006നു ശേഷം ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനാൽ ഭരണസമിതിക്ക് തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.പുതിയ ഡയറക്ടർ ബോർഡ് നിയമാനുസൃത തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സർക്കാർ നാമനിർദേശം ചെയ്യുന്ന ഡയറക്ടർമാരടങ്ങുന്ന താത്കാലിക ബോർഡ് സംഘടനയുടെ ഭരണം നടത്തണം. താത്കാലിക ബോർഡ് തന്നെ നിയമപരമായ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

എസ്എൻഡിപി യോഗത്തിൽ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും വലിയ ക്രമക്കേടുകൾ നിലനിൽക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

Related Articles

Latest Articles