Tuesday, November 17, 2026

പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ അണ്ടർവാട്ടർ ഡ്രോൺ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു!! 15 പേരെ രക്ഷപ്പെടുത്തി

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രപാതകളിലേക്ക് വ്യാപിക്കുന്നതിനിടെ പേർഷ്യൻ ഉൾക്കടലിൽ ഇറാന്റെ ആക്രമണം. ഇറാഖിലെ ബസറയ്ക്ക് സമീപം അമേരിക്കൻ ഉടമസ്ഥതയിലുള്ള ‘സേഫ്സീ വിഷ്ണു’ എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ അണ്ടർവാട്ടർ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 15 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അവർ നിലവിൽ ബാഗ്ദാദിലെ ഇന്ത്യൻ എംബസിയുടെ സംരക്ഷണയിലാണെന്നും അധികൃതർ അറിയിച്ചു. മാർഷൽ ഐലൻഡ്‌സിന്റെ പതാക വഹിച്ച കപ്പലായിരുന്നു ഇത്. സമാനമായ രീതിയിൽ ഗ്രീസ് ഉടമസ്ഥതയിലുള്ള ‘സെഫിറോസ്’ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായതായും രണ്ട് കപ്പലുകളും ഡ്രോൺ ആക്രമണത്തിൽ തകർത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് മേഖലയെ നടുക്കിയ ആക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ഇറാനിയൻ ബോട്ടുകൾ കപ്പലിലിടിച്ചാണ് അപകടമുണ്ടായതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് വാണിജ്യ കപ്പലുകൾ കൂടി അജ്ഞാത മിസൈലുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. യുഎഇ , ഒമാൻ തീരങ്ങളിൽ വെച്ച് നടന്ന ഈ ആക്രമണങ്ങളിൽ കപ്പലുകൾക്ക് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ പ്രകോപനങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്. പ്രതിദിനം 13 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം 16 ഇറാനിയൻ മൈൻ വിന്യാസ കപ്പലുകൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയെ ഈ സാഹചര്യം നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇറാഖിലെ ഇന്ത്യൻ എംബസി ആരംഭിച്ച് കഴിഞ്ഞു. ഇറാഖ് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും രക്ഷപ്പെട്ട മറ്റ് ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ മേഖലയിലെ മറ്റ് ഇന്ത്യൻ ജീവനക്കാർക്കും കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Related Articles

Latest Articles