വാഷിംഗ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോകത്തെ 16 പ്രധാന സമ്പദ്വ്യവസ്ഥകൾക്കെതിരെ പുതിയ വ്യാപാര അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. വിദേശ രാജ്യങ്ങളിലെ അന്യായമായ ഉൽപ്പാദന രീതികൾ അമേരിക്കൻ വ്യവസായ മേഖലയെ തകർക്കുന്നു എന്നാരോപിച്ചാണ് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ അന്വേഷണത്തിന് ഉത്തരവിട്ടത്. 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301(ബി) പ്രകാരമാണ് ഈ നടപടി. വിദേശ രാജ്യങ്ങൾ ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് അമേരിക്കൻ വിപണിക്ക് തിരിച്ചടിയാകുന്നു എന്നാണ് അമേരിക്കയുടെ വാദം.
ഇന്ത്യ, ചൈന എന്നിവയ്ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, വിയറ്റ്നാം തുടങ്ങി 16 രാജ്യങ്ങളാണ് നിലവിൽ അമേരിക്കയുടെ നിരീക്ഷണ വലയത്തിലുള്ളത്. വിപണിയിലെ ആവശ്യകതയുമായി ബന്ധമില്ലാത്ത രീതിയിൽ അമിതമായി സാധനങ്ങൾ ഉൽപ്പാദിപ്പിക്കുകയും അവ ആഗോള വിപണിയിലേക്ക് തള്ളുകയും ചെയ്യുന്നത് വഴി അമേരിക്കൻ നിർമ്മാണ മേഖലയിലെ നിക്ഷേപം കുറയുന്നുവെന്ന് ജാമിസൺ ഗ്രീർ ആരോപിച്ചു. അമേരിക്കയുടെ വ്യവസായ അടിത്തറ ഇനി മറ്റ് രാജ്യങ്ങൾക്കായി വിട്ടുകൊടുക്കില്ലെന്നും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാണ മേഖലയിലെ അന്വേഷണത്തിന് പുറമെ, നിർബന്ധിത തൊഴിൽ വഴി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചും അമേരിക്ക പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്ലീങ്ങളെക്കൊണ്ട് നിർബന്ധിത ജോലി ചെയ്യിപ്പിക്കുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് 60-ഓളം രാജ്യങ്ങളെ ഉൾപ്പെടുത്തി ഈ പരിശോധന നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ അന്താരാഷ്ട്ര തൊഴിൽ നിയമങ്ങൾ പാലിച്ചാണോ നിർമ്മിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ അന്വേഷണങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വീണ്ടും കടുത്ത നികുതികൾ ഏർപ്പെടുത്തിയേക്കാം. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കാൻ സാധ്യതയുണ്ട്.

