കോഴിക്കോട് : ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നഗരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്ന നൈജീരിയൻ പൗരനാണ് പിടിയിലായത്. കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ യുവാക്കള്‍ അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലെത്തിച്ചത്. യുവാക്കൾക്ക് ലഹരി കൈമാറിയത് നൈജീരിയന്‍ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ പത്താം തീയതിയാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കടത്തിയ സഹദ്, നസ്ലിന്‍ എന്നിവരെയാണ് ഡാന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. ബെംഗളൂരുവിലെ നൈജീരിയന്‍സംഘത്തില്‍നിന്നാണ് ലഹരിമരുന്ന് കിട്ടിയതെന്ന മൊഴി ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു. ആവശ്യക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിമരുന്ന് കൊണ്ടുവന്ന് വിതരണം ചെയ്യുകയും പണം ഗൂഗിള്‍ പേ വഴി വാങ്ങുകയുമായിരുന്നു ഇവരുടെ രീതി. ഇത് തിരിച്ചറിഞ്ഞ പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശിയെ തിരുപ്പൂരില്‍ എത്തിച്ച് പോലീസ് പിടികൂടുകയായിരുന്നു.

