Friday, May 3, 2024
spot_img

ട്രെയിൻ തട്ടി വയോധിക അപകടത്തിൽപെട്ടു;ആംബുലൻസിന് കാത്ത് നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് പോലീസുകാരൻ

തിരുവനന്തപുരം: ട്രെയിൻ തട്ടി അപകടത്തിൽപെട്ട് അവശനിലയിലായ വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാൻ അംബുലൻസിനെ കാത്തു നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്.

കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധികയാണ് അപകടത്തിൽപ്പെട്ടത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി.

ഇരുവരുടെയും പരിശോധനയിൽ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പൾസ് ഉണ്ടെന്ന് മനസിലായി. പിന്നെ ഒട്ടും കാത്ത് നിൽക്കാതെ വൈശാഖ് വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡിൽ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പിൽ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles