Saturday, May 18, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്‌ പഠിക്കാന്‍ ദില്ലിയിൽ ഗവേഷണകേന്ദ്രം;പിന്നിൽ മുൻ മോദി വിമർശകൻ ജാസിം മുഹമ്മദ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്‌ പഠിക്കാന്‍ ദില്ലിയിൽ ഗവേഷണകേന്ദ്രം വരുന്നു. സെന്റര്‍ ഫോര്‍ നരേന്ദ്ര മോദി സ്റ്റഡീസ് എന്ന പേരിലാണ് പഠന ഗവേഷണകേന്ദ്രം ഉടൻ ആരംഭിക്കുന്നത്. അതേസമയം, നേരത്തെ നരേന്ദ്രമോദിയുടെ കടുത്ത വിമർശകനായ ജാസിം മുഹമ്മദാണ് ഗവേഷണകേന്ദ്രത്തിനു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

ദില്ലിയിലെ റോസ് അവന്യുവിലുള്ള പഴയ ചന്ദ്രശേഖര്‍ ഭവനിലെ മൂന്നുനില കെട്ടിടമാണ് മോദി പഠന ഗവേഷണ കേന്ദ്രമാക്കുന്നത്. മോദിയുടെ നേതൃ, ഭരണ മികവിനെക്കുറിച്ചും അന്താരാഷ്ട്ര നയതന്ത്രത്തെക്കുറിച്ചും പഠിക്കുകയാണ് ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യം. മൂന്നു മാസത്തിനകം ഗവേഷണകേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അലിഗഢ് സര്‍വകലാശാലയിലെ മുൻ അധ്യാപകനാണ് ജാസിം മുഹമ്മദ്. നേരത്തെ മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു ജാസിം മുഹമ്മദ്. എന്നാൽ നരേന്ദ്രമോദിയെ നേരില്‍കണ്ട ശേഷം മോദിയെക്കുറിച്ചുള്ള മനോഭാവം മാറിയെന്നാണ് ജാസിം അഹമ്മദ് പറയുന്നത്. മോദി ഒരു വ്യക്തിയല്ല, ഒരു ആശയമാണ്. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ബി.ആര്‍ അംബേദ്കറുടെയെല്ലാം പേരില്‍ കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വവും ആഘോഷിക്കാൻ എന്തുകൊണ്ട് ഒരു സ്ഥാപനം ആയിക്കൂടാ എന്ന് ജാസിം അഹമ്മദ് ചോദിക്കുന്നു. അതേസമയം, 2017ല്‍ പൊതുട്രസ്റ്റായി അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നരേന്ദ്ര മോദി പഠനകേന്ദ്രം ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ദില്ലിയിലേക്ക് വ്യാപിപ്പിക്കുന്നത്.

2017ല്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പഠനകേന്ദ്രം ആരംഭിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. മുൻ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അക്കാദമീഷ്യന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. സ്ഥാപനത്തിന് രാഷ്ട്രീയചായ്‌വുകളില്ലെന്നും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗവേഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും ജാസിം മുഹമ്മദ് പറയുന്നു. നരേന്ദ്ര ഭായ് മോദി: ഫര്‍സ് സെ അര്‍ഷ് തക് ഉള്‍പ്പെടെ മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ആറ് പുസ്തകങ്ങള്‍ ജാസിം മുഹമ്മദ് ഉറുദുവിൽ രചിച്ചിട്ടുണ്ട്.

Related Articles

Latest Articles