തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മൂന്ന് നിയമസഭാ സീറ്റുകൾ പിടിച്ചെടുത്ത് ബിജെപി കരുത്തറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ഇത്തവണ പാർട്ടി വിജയിച്ചത്. മൂന്ന് സീറ്റുകൾ സ്വന്തമാക്കിയതിന് പുറമെ, ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും നിരവധി ഇടങ്ങളിൽ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അപ്പുറത്തേക്ക് ബിജെപി വളരുന്നത് വരുംകാല കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
ബിജെപി വിജയിച്ച മണ്ഡലങ്ങളെല്ലാം എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഈ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിച്ചപ്പോൾ, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചപ്പോൾ എൽഡിഎഫിന് 2021-നെ അപേക്ഷിച്ച് 27.6% വോട്ടുകൾ നഷ്ടമായി. എന്നാൽ ഇവിടെ മൂന്നാം സ്ഥാനത്തായിട്ടും യുഡിഎഫ് വോട്ട് വിഹിതത്തിൽ 12.7% വർധനവ് രേഖപ്പെടുത്തി. ബിജെപിക്ക് മണ്ഡലത്തിൽ 15.9% വോട്ട് വർധനവുണ്ടായി.
ചാത്തന്നൂരിലും സമാനമായ രീതിയിൽ എൽഡിഎഫിന് വൻ തിരിച്ചടി നേരിട്ടു. അവിടെ എൽഡിഎഫ് വോട്ടുകളിൽ 19.9% ഇടിവ് രേഖപ്പെടുത്തിയപ്പോൾ ബിജെപി 23.4% വോട്ട് വർധിപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. ഇവിടെയും യുഡിഎഫ് വോട്ടുകളിൽ നേരിയ വർധനവ് (2.9%) പ്രകടമായി. അതേസമയം, ബിജെപി വിജയിച്ച മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് കുറഞ്ഞ ഏക ഇടം നേമമാണ്. നേമത്ത് യുഡിഎഫിന് 18.6% വോട്ടുകൾ നഷ്ടമായപ്പോൾ എൽഡിഎഫിനും നേരിയ കുറവ് സംഭവിച്ചു.
തിരുവല്ല മണ്ഡലത്തിലാണ് ബിജെപി ഏറ്റവും ശ്രദ്ധേയമായ വോട്ട് വർധനവ് നടത്തിയത്. അനൂപ് ആന്റണിയിലൂടെ ബിജെപി ഇവിടെ വോട്ടുകൾ ഇരട്ടിയോളമാക്കി വർധിപ്പിക്കുകയും എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട്, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. എന്നാൽ പൂഞ്ഞാറിൽ പി.സി. ജോർജ് ബിജെപി പാളയത്തിലെത്തി മത്സരിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ നേടാനായുള്ളൂ എന്നത് കൗതുകകരമായി.

