Wednesday, May 29, 2024
spot_img

ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനി പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ മാൻഹോളിൽ തലയിടിച്ച് വീണ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസടുത്ത് പോലീസ്l

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനി കുഴഞ്ഞുവീണതിനെ തുടർന്ന് റോഡിലെ മാൻഹോളിൽ തലയിടിച്ച് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ വിടവലുരു അലവളപാട് വില്ലേജിൽ രാജമ്മാൾ (65)​ ആണ് ഇന്ന് പുലർച്ചെ നടന്ന സംഭവത്തിൽ മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നര മണിയോടെ പത്മനാഭസ്വാമി ക്ഷേത്രം തെക്കേനടയിലെ തെക്കേത്തെരുവ് അമ്മൻകോവിലിന് മുമ്പിലായിരുന്നു സംഭവം.​ നെല്ലൂരിൽ നിന്ന് വന്ന 45 പേരുടെ തീർത്ഥാടക സംഘത്തിനൊപ്പമായിരുന്നു രാജമ്മാൾ ക്ഷേത്ര ദർശനത്തിനെത്തിയത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി ഒരാഴ്ച മുമ്പാണ് സംഘം ബസിൽ നെല്ലൂരിൽ നിന്ന് പുറപ്പെട്ടത്. ശബരിമല ദർശനത്തിന് ശേഷം ഇന്ന് പുലർച്ചെ മൂന്നിനാണ് സംഘം ദർശനത്തിനായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്.

ഭജനപ്പുര മഠത്തിന് സമീപത്തെ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് സംഘം ക്ഷേത്ര ദർശനത്തിനായി നീങ്ങവേ അവശത അനുഭവപ്പെട്ട രാജമ്മാൾ പിന്നിലായിപ്പോയി. പെട്ടെന്ന് ഇവർ കുഴഞ്ഞുവീഴുകയും വീഴ്ചയിൽ തല റോഡിലെ മാൻഹോളിൽ ശക്തിയായി ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തലപൊട്ടി ചോര വാർന്നൊഴുകയും രാജമ്മാൾ ബോധരഹിതയാകുകയും ചെയ്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവരാരും രാജമ്മാൾ വീണത് അറിഞ്ഞിരുന്നില്ല. രാജമ്മാൾ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർ ഓടിയെത്തി. തുടർന്ന് ഫോർട്ട് പോലീസിനെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസിനെയും വിവരം അറിയിച്ചു. ഉടൻതന്നെ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ​ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം സംഘം പിന്നീട് ആന്ധ്രയിലേയ്ക്ക് യാത്ര തിരിച്ചു. അസ്വാഭാവിക മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തു.

Related Articles

Latest Articles