Sunday, May 19, 2024
spot_img

കോവിഡ് വ്യാപനം കുറയുന്നു; ഒരിടവേളയ്ക്ക് ശേഷം പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കും

പുതുച്ചേരി: ഒരിടവേളയ്ക്ക് ശേഷം പുതുച്ചേരിയില്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍.

കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്നതിനനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ജനുവരി 10 മുതല്‍ പുതുച്ചേരിയിലും ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയിരുന്നത്.

എന്നാൽ സ്‌കൂളുകള്‍ തുറന്നതോടെ ആഴ്ചയിലെ ആറ് ദിവസവും പ്രവൃത്തിദിവസമായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മാസ്‌ക് ധരിക്കുകയും സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതിന് മുന്‍പായി സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം തമിഴ്നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. ഇന്ന് 9916 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37,696 ആയി. ചെന്നൈയില്‍ 1475 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനായി കുറഞ്ഞു.

കൂടാതെ കര്‍ണാടകയില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിം, നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ നൂറ് ശതമാനം പ്രവേശനം സർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ശരീരോഷ്മാവ് പരിശോധന നിര്‍ബന്ധമാക്കി. മറ്റ് കോവിഡ് പ്രോട്ടോകോളുകളും പാലിയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Latest Articles