ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ പുറത്ത്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥാണ് നായിക.
‘ഐ ആം ലൂസിഫര്‍’ എന്ന ഡയലോഗും, മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്, കയ്യടി ഉയരുമെന്നുറപ്പാണ്. പുലിമുരുകന് ശേഷം ഉദയ്-കൃഷ്ണ മോഹന്‍ലാലിന്‍റെ മാസ് അവതാരത്തിനായി എഴുതുന്നു എന്ന പ്രത്യേകത ആറാട്ടിന് സ്വന്തം. നടന്‍ മമ്മൂട്ടിയും ‘ആറാട്ട്’ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നു.
ചിത്രത്തിൽ വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമാശക്കൊപ്പം മോഹൻലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നു.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ടുമായി ബന്ധപ്പെട്ട് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.
അതേസമയം കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്‌ക്കുക ആയിരുന്നു.

