Sunday, September 27, 2026

സിസ്റ്റര്‍ അഭയ ‍കേസിൽ വമ്പൻ ട്വിസ്റ്റ്: പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫി‍ക്കും ജാമ്യം, പ്രതികൾ സംസ്ഥാനം വിടരുതെന്ന് കർശന നിർദ്ദേശം, അഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണം

കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഫാദര്‍ തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് അപ്പീലില്‍ തീര്‍പ്പാകുന്നത് വരെയാണ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണം, സംസ്ഥാനം വിടരുത്,​ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും തുടങ്ങി മൂന്ന് കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാണ് ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ വ്യക്തമാക്കിയത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ കേസിലെ ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കാരണമായതെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോമോന്‍ പുത്തന്‍ പുറക്കലിന്റെ വാക്കുകൾ. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

28 വര്‍ഷം നീണ്ട നിയമനടപടിക്ക് ശേഷമായിരുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.

49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു അഭയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം ബി സി എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Latest Articles