Thursday, May 9, 2024
spot_img

സമൂഹമാദ്ധ്യമത്തിലൂടെയുള്ള അധിക്ഷേപം ! ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി ; പരാതിക്കൊപ്പം പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളുൾപ്പെടെയുള്ള തെളിവുകളും

തിരുവനന്തപുരം : സമൂഹ മാദ്ധ്യമത്തിലൂടെ മോശമായ പോസ്റ്റുകളും കമന്റുകളിലൂടെയും അധിക്ഷേപം നടത്തിയവർക്കെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളുൾപ്പെടെയുള്ള തെളിവുകൾ മറിയ ഉമ്മൻ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്.

“ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണ ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത്. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ ‘ഉമ്മൻ ചാണ്ടി’യ്ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണ്” മറിയ ഉമ്മൻ പറഞ്ഞു.

‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തു. നേരത്തെ ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം ഉണ്ടായിരുന്നു. വിഷയത്തിൽ സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിലും ഇതിനു പുറമെ വനിതാ കമ്മിഷനും തെരഞ്ഞെടുപ്പു കമ്മിഷനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യും.

Related Articles

Latest Articles