Friday, March 29, 2024
spot_img

അതിരുവിട്ട് ആഘോഷം; ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ക്രിസ്മസ് ആഘോഷത്തിനിടെ (Christmas Celebration In Trivandrum) വിദ്യാർത്ഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ രണ്ട് പേർക്ക് പരിക്ക്. വർക്കല കോളേജിൽ ആണ് സംഭവം. യാത്രക്കാർക്ക് നേരെ വാഹനം ഇടിച്ച് കയറുകയായിരുന്നു.

വർക്കല എസ്എൻ കോളേജിലെ വിദ്യാർത്ഥികളാണ് അഭ്യാസപ്രകടനം നടത്തിയത്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ പ്രകടനം നടന്നത്. കോളേജിന് സമീപമുള്ള റോഡിലൂടെ ഇവർ അമിത വേഗത്തിൽ കാർ ഓടിക്കുകയായിരുന്നു. തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഓടിച്ച് കയറ്റി. സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്.

മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ എസ്എൻ കോളേജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതിന് പിന്നാലെ രണ്ട് വിദ്യാർത്ഥികളെ പോലീസ് പിടികൂടി.

Related Articles

Latest Articles