Monday, April 29, 2024
spot_img

ഇലക്ട്രിക് ഓട്ടോകൾക്കെതിരെ വ്യാപക അതിക്രമം; “നിങ്ങള് ചത്താലും വേണ്ടില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിത്”; ഹൃദ്രോഗിയായ യാത്രക്കാരനെ നടുറോഡിൽ സിഐടിയു പ്രവർത്തകർ ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇലക്ട്രിക് ഓട്ടോകൾക്കെതിരെ (Electric Auto-rickshaw Attacked) വ്യാപക ആക്രമണമെന്ന് പരാതി. ഹൃദ്രോഗിയായ യാത്രക്കാരനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്.
തൃശൂർ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്.

ഇയാൾ പറയുന്നതനുസരിച്ച് ജില്ലയിൽ ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയായ തന്നെ ഓട്ടോയിൽ നിന്നും നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോകുന്നതിനായി ജയപ്രകാശൻ ഒരു ഓട്ടോയെ കൈകാണിച്ച് നിർത്തി. ആ സമയത്ത് മറ്റൊരു ഓട്ടോ വന്ന് ജയപ്രകാശൻ കയറിയ ഓട്ടോയെ തടയുകയായിരുന്നു.

രണ്ട് ഗുളിക കഴിച്ചതാണെന്നും ഹൃദ്രോഗിയാണെന്നും പറഞ്ഞെങ്കിലും ആശുപത്രിയിലേക്ക് പോവാൻ സമ്മതിച്ചില്ലെന്ന് ജയപ്രകാശന്റെ പരാതിയിൽ പറയുന്നു. നിങ്ങള് ചത്താലും വേണ്ടില്ല ,ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ് ഇതെന്ന് ഓട്ടോക്കാർ പറഞ്ഞതായും ജയപ്രകാശൻ ആരോപിച്ചു.സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റിയെന്നാണ് വിവരം. അതേസമയം പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സിഐടിയു ആവർത്തിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ ജില്ലയിൽ സ്ഥിരമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Latest Articles