Sunday, May 19, 2024
spot_img

അന്തരിച്ച സുശാന്ത് സിംഗിനെ മയക്കുമരുന്നിന് അടിമയാക്കിയത് കാമുകിയും സുഹൃത്തുക്കളും ചേര്‍ന്ന്; പ്രതികൾ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്ന് എൻസിബി റിപ്പോർട്ട്

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനെ കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്ന് ലഹരി മരുന്നിന് അടിമയാക്കിയെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.

2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തുകയും വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ലഹരി മരുന്ന് ഇടപാടുകൾക്ക് സുശാന്തിന്‍റെ അക്കൗണ്ടിലെ പണം ഉപയോഗിച്ചെന്നും എൻസിബി അധിക കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ എൻഡിപിഎസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി. ഇപ്പോൾ ആകെ 35 പ്രതികളാണ് കേസിലുള്ളത്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ കുറ്റപത്രം പ്രകാരം കേസിലെ പ്രതികൾ മയക്കുമരുന്ന് വാങ്ങിയതായും, ഉപയോഗിച്ചതായും പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായും വ്യക്തമാക്കുന്നു. 2020-ൽ ആണ് സുശാന്തിന്റെ ആവശ്യത്തിനായി മയക്കുമരുന്ന് വാങ്ങിയത്, നടന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് വലിയ അടിമയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തി, അവളുടെ സഹോദരൻ ഷോവിക്, അന്തരിച്ച നടന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ സുശാന്തിന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. നടന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് സുഹൃത്തായ പിതാനി സുശാന്തിനായി മയക്കുമരുന്ന് വാങ്ങിയതെന്നാണ് എൻസിബി അവകാശപ്പെടുന്നത്. ഇവര്‍ മയക്കുമരുന്ന് വാങ്ങിയത് . “പൂജ സമഗ്രി” എന്ന പേരിലാണ്.

Related Articles

Latest Articles