ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ

0

ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ | Achankovil Sri Dharmasastha Temple

എത്ര കൊടിയ പാമ്പു വിഷമാണെങ്കിലും, ഏതെല്ലാം ആശുപത്രികൾ കൈവിട്ടതാണെങ്കിലും പത്തനംതിട്ടയിലെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയാൽ രക്ഷപെടും എന്നാണ് വിശ്വാസം. വിഷഹാരിയായ ഇവിടുത്ത അയ്യപ്പ ശാസ്താവിന്‍റെ വലതു കയ്യിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിരിക്കും. വിഷം തീണ്ടി എത്തുന്നവർ അമ്പലത്തിലെ കിഴക്കേനടയിലെ മണിയടിച്ച് ഏതു പാതി രാത്രിയിലും ചികിത്സാ സഹായം ചോദിക്കാം എന്നാണ് വിശ്വാസം. ഇതിനും കൂടിയായി രണ്ടു ശാന്തിക്കാരാണ് ക്ഷേത്രത്തിലുള്ളത്. വിഷംതീണ്ടി ആളെത്തിയാൽ സമയം പോലും നോക്കാതെ കുളിച്ച് നട തുറന്ന് ശാന്തിക്കാരൻ ശാസ്താവിന്റെ കയ്യിൽ നിന്നും ചന്ദനമെടുത്ത് തീർഥത്തില്‍ ചാലിച്ച് കൊടുക്കും, പിന്നീട് വിഷമിറങ്ങി സുഖമാകുന്നതു വരെ ഇവിടെ കഠിനമായ പഥ്യങ്ങളോടെയും നിഷ്ഠകളോടെയും ചികിത്സ തുടരാം. ചിലന്തി വിഷ ചികിത്സയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് പത്തനംതിട്ട കൊടുമൺ പള്ളിയറക്കാവ് ദേവീ ക്ഷേത്രം. അവിശ്വാസികളെ പോലും വിശ്വാസികളാക്കുന്ന ഒരിടമെന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. എത്ര വലിയ ചിലന്തി വിഷം ശരീരത്തിൽ കയറിയാലും ഇവിടെയെത്തി പ്രാർഥിച്ചാൽ അത് ശരീരരത്തിൽ നിന്നിറങ്ങും എന്നാണ് വിശ്വാസം.

ചിലന്തി വിഷമേറ്റാൽ ആദ്യം ഇവിടെ എത്തി പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലർ നിവേദ്യം നടത്തണം. ഇതോടൊപ്പം കിട്ടുന്ന ജപിച്ച ഭസ്മം ശരീരത്തിൽ ലേപനവും ചെയ്യണം. ഇതിനോളം തന്നെ പ്രാധാന്യം ഈ ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിനുമുണ്ട്. പത്തനംതിട്ടയിലെ കൊടുമണ്ണിനു സമീപം പള്ളിയറക്കാവ് എന്ന സ്ഥലത്താണ് ചിലന്തിയമ്പലം സ്ഥിതി ചെയ്യുന്നത്. 

ഏതൊക്കെ ആശുപത്രികളിൽ പോയിട്ടും പറ്റാവുന്നിടത്തോളം ചികിത്സകൾ നടത്തിയിട്ടും രോഗം മാറുന്നില്ലെങ്കിൽ ഒരു ക്ഷേത്രമുണ്ട്. തിരു നാഗന്‍കുളങ്ങര ക്ഷേത്രം. മാറാരോഗങ്ങൾ ഇവിടെ എത്തി പ്രാർഥിച്ചാൽ വിട്ടുപോകും എന്നാണ് വിശ്വാസം. കിടക്കയിൽ നിന്നും എണീക്കുവാൻ സാധിക്കാത്തവരും ശരീരം തളർന്നവരുമൊക്കെ ഇവിടയെത്തി പ്രാര്‍ഥനയുടെ ശക്തി കൊണ്ട് എണീറ്റതിന്‍റെ പല കഥയും ഇവിടെ വിശ്വാസികൾക്കു പറയുവാനുണ്ട്.