Friday, April 19, 2024
spot_img

സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും കുരുക്കിലേയ്ക്ക്; ശിശുക്ഷേമ സമിതിക്ക്‌ ദത്ത്‌ ലൈസന്‍സില്ലെന്ന് ആരോപണം; ഷിജുഖാനെതിരേ ക്രിമിനല്‍ കേസ്‌ എടുക്കണമെന്ന്‌ അനുപമ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് (Anupama Child Adoption Case) നൽകിയ സംഭവത്തിൽ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിച്ചത്. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറുടെ സംരക്ഷണയിലാണ് നിലവിൽ കുഞ്ഞ്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്‌ക്ക് ഇന്ന് സാംപിളെടുക്കുമെന്നാണ് റിപ്പോർട്ട്.അനുപമയുടേയും അജിത്തിന്റെയും സാംപിളുകളായിരിക്കും പരിശോധനയ്‌ക്കായി ആദ്യം ശേഖരിക്കുക.

അതേസമയം സംസ്‌ഥാന ശിശുക്ഷേമ (CWC) സമിതിക്ക്‌ കുട്ടികളെ ദത്ത്‌ നല്‍കാനുള്ള ലൈസന്‍സില്ലെന്ന ശക്തമായ ആരോപണം ഇപ്പോൾ ഉയർന്നുവന്നിരിക്കുകയാണ്. സമിതിക്കു സ്‌റ്റേറ്റ്‌ അഡോപ്‌ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ്‌ 2020 മേയില്‍ അവസാനിച്ചിരുന്നു. ഇതു പുതുക്കാതെയായിരുന്നു സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇതോടെ ഇക്കാലയളവില്‍ നടന്ന ദത്തു നടപടികളെല്ലാം സംശയാസ്‌പദമായിരിക്കുകയാണ്. എന്നാൽ അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരേ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു

കോടതി ആവശ്യപ്പെട്ടിട്ടും ശിശുക്ഷേമ സമിതി ദത്ത്‌ ലൈസന്‍സ്‌ ഹാജരാക്കിയില്ല. പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്‌മൂലത്തോടൊപ്പം ഹാജരാക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ലൈസന്‍സ്‌ നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്‌. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും സമിതി ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ വിശദമായ വാദം കേള്‍ക്കാന്‍ കോടതി കേസ്‌ മാറ്റിയിരിക്കുകയാണ്‌.

ശിശുക്ഷേമ സമിതിയുടെ ദത്ത്‌ നല്‍കാനുള്ള ലൈസന്‍സ്‌ കാലാവധി 2016 ജൂലൈ മുതല്‍ 2020 മേയ്‌ വരെയായിരുന്നു. കഴിഞ്ഞ മേയിലാണ്‌ അനുപമയുടേതെന്നു കരുതുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കു കൈമാറിയത്‌. ലൈസന്‍സില്ലാത്ത സ്‌ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന്‌ പറയാന്‍ കഴിയില്ലെന്നും അതിനെ കുട്ടിക്കടത്തെന്നേ പറയാന്‍ കഴിയൂവെന്നും അനുപമയടക്കം ഉയര്‍ത്തുന്ന വാദം ഇതോടെ ശക്‌തമാക്കുകയാണ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ അനുപമ പോലീസില്‍ പരാതി നല്‍കിയാല്‍ പോലീസ്‌ ശിശുക്ഷേമ സമിതി അധികൃതര്‍ക്കെതിരേ കേസെടുക്കും. സംഭവം വിവാദമായതോടെ ശിശുക്ഷേമ സമിതിക്കെതിരേ നേരിട്ടു കേസെടുത്ത്‌ തടിതപ്പാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌ .

അതേസമയം താൽക്കാലിക ദത്തിന് ഏൽപ്പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞുമായി കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണ് വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പോലീസുകാരും ഉൾപ്പെട്ടതാണ് സംഘം. എന്നാൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി ക്രിമിനൽകേസ് എടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്നാണ് അറിയുന്നതെന്നും ഇതിനാൽ ദത്തെന്നു പറയാൻ സാധിക്കില്ലെന്നും കുട്ടിക്കടത്തെന്നേ പറയാൻ സാധിക്കുകയുള്ളൂ എന്നും അനുപമ ആരോപിച്ചു.

Related Articles

Latest Articles