ദില്ലി യൂണിവേഴ്സിറ്റിക്ക് സമീപം അശോക് വിഹാർ ഏരിയയിലെ ലക്ഷ്മി ഭായ് കോളേജിന് അടുത്ത് വെച്ച് യുവാവും കൂട്ടാളികളും ചേർന്ന് നടത്തിയ ആസിഡ് ആക്രമണത്തിൽ 20 വയസ്സുള്ള വിദ്യാർത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി സ്പെഷ്യൽ ക്ലാസിൽ പങ്കെടുക്കാനായി കോളേജിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ മൂന്ന് പ്രതികൾക്ക് പങ്കുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. “പ്രതിയും രണ്ട് കൂട്ടാളികളും മോട്ടോർസൈക്കിളിൽ വന്ന് യുവതിയെ തടഞ്ഞുനിർത്തി. മുഖ്യപ്രതിയായ ജിതേന്ദറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ യുവതി താമസിക്കുന്ന മുകുന്ദ്പൂർ സ്വദേശിയാണ്. ഇഷാൻ, അർമാൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്,” ഡിസിപി പറഞ്ഞു.
യുവതിയുടെ മൊഴി പ്രകാരം, ഇഷാൻ കൈമാറിയ കുപ്പിയിലെ ആസിഡ് അർമാനാണ് യുവതിക്ക് നേരെ എറിഞ്ഞത്. മുഖം മറയ്ക്കാൻ യുവതി കൈകൾ ഉയർത്തിയതിനെത്തുടർന്നാണ് ഇരു കൈകളിലും പരിക്കേറ്റത്. ആക്രമണത്തിന് ശേഷം മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് ഉടൻ തന്നെ രക്ഷപ്പെട്ടു. യുവതിയെ ഉടൻ തന്നെ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടെ നിന്ന് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ, ജിതേന്ദർ മാസങ്ങളായി യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി വെളിപ്പെട്ടു. ഏകദേശം ഒരു മാസം മുമ്പ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് ശല്യം വർധിച്ചിരുന്നു. ആസിഡ് ആക്രമണത്തെ തുടർന്ന് ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

