ദില്ലി : : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും സംസ്ഥാന കമ്മിറ്റി അംഗം പി. ആർ. ശിവശങ്കരനുമാണ് ദില്ലിയിൽ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം കേരള സർക്കാരിൽ നിന്നും വിളിച്ചു വരുത്തണമെന്നും സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സിനിമയിലെ മയക്ക് മരുന്നിൻ്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സന്ദീപ് വാചസ്പതി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവരാണ് നിവേദനം ഏറ്റു വാങ്ങിയത് . അപേക്ഷയിൻമേൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി സന്ദീപ് വചസ്പതി അറിയിച്ചു.

