ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷ കേസിൽ വഴിത്തിരിവായേക്കും. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴിൽ പരമായും ഉള്ള എതിർപ്പാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന്, സമയബന്ധിതമായി വിചാരണ തീർക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ അപേക്ഷയിൽ ദിലീപ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്ന കേസ്സടക്കം തനിക്കെതിരെവരുന്ന നിയമ നടപടികൾക്കാധാരം തന്റെ മുൻ ഭാര്യയും ഡിജിപി യുമായുള്ള ബന്ധമാണ്. അപേക്ഷയിൽ ദിലീപിന്റെ മുൻ ഭാര്യക്കും അതിജീവിതക്കുമെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നാണ് സൂചന.
വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്. തനിക്കെതിരെയുള്ള നിയമ നടപടികൾക്ക് പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ട് എന്നതാണ് അപേക്ഷയുടെ സാരം. ദിലീപ് നിരപരാധിയാണെന്നും ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഈയിടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

