Tuesday, May 14, 2024
spot_img

കേസിന്റെ നിർണ്ണായക ഘട്ടത്തിൽ ദിലീപിന്റെ കവർ പേജ്; മാധ്യമ മുത്തശ്ശിക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് സംവിധായകന്റെ വെളിപ്പെടുത്തലോടെ നിർണ്ണായക വഴിത്തിരിവിൽ നിൽക്കുമ്പോൾ ദിലീപിന്റെയും കുടുംബത്തിന്റെയും കവർ ചിത്രവുമായി ഇറങ്ങുന്ന വനിത യുടെ ജനുവരി ലക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. മാധ്യമ മുത്തശ്ശിയുടെ പ്രസിദ്ധീകരണം ദിലീപിനെ പണം വാങ്ങി വെള്ളപൂശുകയാണെന്ന ഗുരുതരമായ ആരോപണമാണ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസിദ്ധീകരണം കേരളം ചർച്ചചെയ്ത സമാനതകളില്ലാത്ത സ്ത്രീപീഡന ക്കേസിലെ പ്രതിയുടെ കവർചിത്രം , കേസ് ഒരു പ്രത്യേക വഴിത്തിരിവിൽ നിൽക്കുമ്പോൾ, പ്രസിദ്ധീകരിക്കേണ്ടതില്ലായിരുന്നു എന്ന അഭിപ്യായമാണ് മാധ്യമ പ്രവർത്തകയായ ധന്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.

“തികച്ചും ഹീനമായ ഒരു കുറ്റകൃത്യത്തിൽ തുടരന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന ഈ മാസിക, കുറ്റാരോപിതനായ വ്യക്തിയെ മുഖചിത്രം ആക്കി പ്രസിദ്ധീകരിക്കുന്നു. എത്രത്തോളം വെള്ളപൂശൽ നടന്നിട്ടുണ്ട് എന്ന് അറിയാനായി ആ ഇൻറർവ്യൂ വായിക്കാൻ കാത്തിരിക്കുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് നിലനിൽപ്പിനായി പണം വേണം എന്നറിയാം. അവർ ആതുര സ്ഥാപനങ്ങൾ അല്ല എന്നും അറിയാം. മനോരമ ഗ്രൂപ്പിൻറെ രണ്ട് ശതമാനം പോലും വലുപ്പമില്ലാത്ത ഒരു മാധ്യമസ്ഥാപനം ഞാനും നടത്തിക്കൊണ്ടു പോകുന്നുണ്ട് എനിക്കൊരു കാര്യം അറിയാം ഒരു മാധ്യമ സ്ഥാപനത്തിനും പ്രത്യേകിച്ച് മനോരമ പോലുള്ള ഒരു പ്രസ്ഥാനത്തിന് നിലനിൽക്കാൻ ആയി ഇത് ചെയ്യേണ്ട ആവശ്യമില്ല.സമൂഹത്തോട്, സ്ത്രീകളോട്, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളോട്, മാധ്യമങ്ങൾക്ക് ചില കടമകളുണ്ട് . കാര്യങ്ങൾ ഈ സ്ഥിതിക്ക് ആണ് പോകുന്നതെങ്കിൽ ദിലീപ് താമസിയാതെ കുറ്റവിമുക്തനാക്കപ്പെട്ട. അയാളെ ഇത്രനാൾ വെള്ളപൂശിയ മാധ്യമങ്ങൾക്ക് അപ്പോൾ ആഘോഷിക്കാം. അതുവരെ ഒരു മാന്യത കാണിക്കേണ്ടതാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എൻറെ സുഹൃത്തുക്കൾ ഇതിനെതിരെ പ്രതിഷേധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പാരമ്പര്യം പേറുന്ന ഒരു മാധ്യമ സ്ഥാപനത്തിന് ആ പ്രതിഷേധം ചെറിയ മാറ്റം എങ്കിലും ഉണ്ടാകുമെന്ന് കരുതുന്നു, ചിലപ്പോൾ തെറ്റ് തിരുത്ത്പെട്ടേക്കാം”.

പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണനും ധന്യയുടെ വാദത്തോട് യോജിക്കുന്നു. കവർ ചിത്രം കണ്ടപ്പോൾ ചങ്ക് പിളരുന്ന വേദന തോന്നിയതായി ശ്രീജൻ ഫേസ്ബുക്കിൽ കുറിച്ചു.

“ഒരു നല്ല എഡിറ്ററെ അളക്കുന്നത് അദ്ദേഹം കൊടുക്കാത്ത വാർത്ത ഏതെന്ന് അറിയുന്നതിലൂടെ ആണ്. വനിതയുടെ എഡിറ്റർ അമ്പേ പരാജയം ആണെന്ന് കരുതാൻ ഈ ഒരു കവർ മതി. 21 വർഷം മുൻപ് 6 മാസം ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. അതുകൊണ്ട് തന്നെ ഈ കവർ കണ്ടപ്പോൾ ചങ്ക് പിളരുന്ന വേദന തോന്നിയ ഒരാളാണ് ഞാൻ. ധന്യയുടെ വാദം പൂർണമായും ശരിയാണ്. ലൈംഗിക കുറ്റാരോപിതനെ വെള്ള പൂശി ജീവിക്കാൻ മാത്രം ദാരിദ്ര്യമുള്ള സ്ഥാപനമല്ല വനിത”.

Related Articles

Latest Articles