Friday, May 17, 2024
spot_img

ഇടവേള ബാബുവും, കാവ്യയുടെ അമ്മയും കോടതിയിൽ പറഞ്ഞതെന്ത്?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വിസ്തരിച്ചു. അവധി അപേക്ഷ നല്‍കിയ നടന്‍ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരത്തിനുള്ള തീയതി ഇന്ന് നിശ്ചയിക്കും.

നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയില്‍ തുടരുന്നത്. കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയാണ് ഇന്ന് ആദ്യം വിസ്തരിച്ചത്. ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയില്‍ ശ്യാമള മൊഴി നല്‍കിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് പ്രോസിക്യൂഷന്‍ വ്യക്തത തേടുന്നത്.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷോയുടെ ചുമതല വഹിച്ചിരുന്നത് ഇടവേള ബാബുവാണ്. ഇക്കാര്യങ്ങളാണ് ഇടവേള വാബുവിന്റെ മൊഴിയില്‍ പ്രധാനം. അവധി അപേക്ഷ നല്‍കാതെ ഹാജരാകാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റയച്ചിരുന്നു.

ഇതോടെ അഭിഭാഷകന്‍ വഴി അവധി അപേക്ഷ നല്‍കിയ കുഞ്ചാക്കോ ബോബനോട് 9-ാം തീയതി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇതുവരെ 38 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇരയും ഒന്നാം സാക്ഷിയുമായ നടിയുടെ ക്രോസ് വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. തെളിവായ ദൃശ്യങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതാണ് ക്രോസ് വിസ്താരം വൈകിപ്പിച്ചത്.

Related Articles

Latest Articles