Saturday, April 27, 2024
spot_img

“നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട്’; വിചാരണക്കോടതിയിൽ പുതിയ ഹർജിയുമായി ദിലീപ്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് (Actress Attack Case) വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടൻ ദിലീപിന്റെ വീട്ടിൽ റെയ്‌ഡും നടത്തിയിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് പരിഗണിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്‍റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹരജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്നും, കേസുമായി ബന്ധപ്പെട്ട് താൻ പരാമർശിച്ച വിഐപിയിലേക്ക് പോലീസ് ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അതിനിടെ പ്രതി പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ജയിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 6 മണിക്കൂറോളം നടപടിക്രമങ്ങൾ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നു, പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാർ മുൻപ് വെളിപ്പെടുത്തിയത്.

Related Articles

Latest Articles