Friday, April 26, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരുമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണമെന്നുമുള്ള ആവശ്യവുമായി അതിജീവിത മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജ‍ഡ്ജിയായി തുടരും.

മാത്രമല്ല എറണാകുളം സി ബി ഐ കോടതി മൂന്നിൽ നിന്ന് കേസ് നടത്തിപ്പ് പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണച്ചുമതല ഏൽപിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

സിബിഐ കോടതി മൂന്നിന് പുതിയ ജ‍ഡ്ജിയേയും നിയമിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ പ്രോസിക്യൂഷൻ കേന്ദ്രങ്ങളിൽ നിന്നടക്കം ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉയർന്നതോടെയാണ് നടിയെ ആക്രമച്ച കേസിന്‍റെ വിചാരണ ഹണി എം വർഗീസ് തന്നെ തുടരുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. അനുബന്ധ കുറ്റപത്രം അടക്കം പരിശോധിക്കുന്ന നടപടികൾ നാളെ തുടങ്ങും.

Related Articles

Latest Articles