Friday, April 26, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; മെമ്മറി കാർ‍ഡ് പരിശോധിച്ച സംഭവത്തിൽ അന്വേഷണം നിലച്ചു; വിവോ ഫോണിന്‍റെ ഉടയെ കണ്ടെത്താൻ അതിജീവിത കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് കോടതി കസ്റ്റഡിയിലിരിക്കെ വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവത്തിൽ അന്വേഷണം നിലച്ചു. അന്വേഷണം നടത്തണ്ടത് കോടതിയാണെന്നാണ് ക്രൈംബ്രാ‌ഞ്ചിന്റെ നിലപാട്. ദൃശ്യം താൻ പരിശോധിച്ചില്ലെന്ന് വിചാരണ കോടതി പറഞ്ഞ സാഹചര്യത്തിൽ വിവോ ഫോൺ ഉടമ ആരെന്നറിയാൻ അതിജീവിത ഉടൻ കോടതിയെ സമീപിച്ചേക്കും.

ഫോറൻസിക് റിപ്പോർട്ട്, 2021 ജൂലൈ 19ന് 12.19നും 12.54നും ഇടയ്ക്ക് ജിയോ സിമ്മുളള വിവോ ഫോണിലിട്ട് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പരിശോധിച്ചെന്നായിരുന്നു. കോടതിയെ പ്രതികൂട്ടിലാക്കിയുള്ള ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ താൻ ദൃശ്യം കണ്ടിട്ടില്ലെന്ന് വിചാരണ കോടതി ജഡ്‍ജി ഓപ്പൺ കോടതിയിൽ വിശദമാക്കിയിരുന്നു. മെമ്മറി കാർഡ്‌ ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷണിക്കേണ്ടതാണെന്ന് കോടതി ജഡ്‍ജും നിലപാടെടുത്തിരുന്നു. ഇതിന്‍റെ പേരിൽ കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ലെന്നും വിചാരണ കോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തുടർനടപടിയൊന്നും കോടതി സ്വീകരിച്ചില്ല.

അതേസമയം എഫ്എസ്എൽ റിപ്പോർട്ട് അനുസരിച്ച് വിവോ ഫോൺ എന്ന് മാത്രമാണ് കണ്ടെത്തിയതെന്നും കോടതി കസ്റ്റഡിയിൽ ദൃശ്യം പരിശോധിച്ചതിൽ കോടതി ഉത്തരവില്ലാതെ അന്വേഷണം നടത്താൻ കഴിയില്ലെന്നുമാണ് ക്രൈംബ്രാ‌ഞ്ച് സ്വീകരിക്കുന്ന നിലപാട്. എന്നാൽ വിവോ ഫോൺ ആണെന്ന് കണ്ടെത്തിയ ക്രൈംബ്രാ‌ഞ്ചിന് അതിന്‍റെ ഉടമസ്ഥൻ ആരാണെന്ന് കണ്ടെത്താൻ എളുപ്പം സാധ്യമാകുമെന്നും ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാത്തിൽ ദുരൂഹതയുണ്ടെന്നും സൈബർ വിദഗ്‍ധരും പറയുന്നു.

Related Articles

Latest Articles