Friday, May 3, 2024
spot_img

സൂര്യനൊപ്പം !!!! ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് ! ചരിത്ര നേട്ടവുമായി ഭാരതം; ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം : ബഹിരാകാശ മേഖലയിൽ പുതു ചരിത്രമെഴുതി ഭാരതം. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1 സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. 126 ദിവസങ്ങൾ നീണ്ട പ്രയാണത്തിൽ 15 ലക്ഷം കിലോമീറ്ററാണ് പേടകം താണ്ടിയത്. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദു അഥവാ എൽ വൺ പോയിന്റിൽ എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സമൂഹ മാദ്ധ്യമമായ എക്സ്‌ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു.

‘‘ഭാരതം ഇതാ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഭാരതത്തിന്റെ ആദ്യ സൗരനിരീക്ഷണ പേടകം ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി. ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞർ പ്രകടമാക്കുന്ന അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ രാജ്യത്തിനൊപ്പം ഞാനും അഭിനന്ദിക്കുന്നു. മനുഷ്യരാശിക്കു പ്രയോജനപ്പെടും വിധം ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ തേടിയുള്ള യാത്ര നാം നിർബാധം തുടരും’ – പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

പേടകം കൃത്യസ്ഥാനത്ത് എത്തിക്കാനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകുന്നേരം നാല് മണിയോടെ വിജകരമായി പൂർത്തിയായി.അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപിക ഭ്രമണപഥത്തിൽ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്കു പേടകത്തെ അവിടെ നിലനിർത്താം. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയാണ് ഐഎസ്ആർഒ. അഞ്ചു വർഷം പോയിന്റിൽ തുടർന്ന് ആദിത്യ എൽ വൺ പേടകം സൂര്യനെക്കുറിച്ച് പഠിക്കും.2023 സെപ്റ്റംബർ 2നു ശ്രീഹരിക്കോട്ടയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.7 പഠനോപകരണങ്ങളാണ് പേടകത്തിലുള്ളത്. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എൽ1 പോയിന്റിൽ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.

Related Articles

Latest Articles