ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണെന്നും, മോദി തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. രാഷ്ട്രപതി ഭവനിലെ ചര്‍ച്ചയ്ക്കിടെയാണ് സല്‍മാന്‍ മോദിയെ പുകഴ്ത്തിയത്.

‘ഞാന്‍ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ജേഷ്ഠനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാന്‍ അനുജനെപ്പോലെയും’ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 70 വര്‍ഷത്തോളുമായി സൗദി അറേബ്യ നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കുകയാണ്. സൗദിയില്‍ അവര്‍ സുഹൃത്തുക്കളെപ്പോലെയാണ്. ഇരു രാജ്യങ്ങള്‍ക്കും വേണ്ടി ഈ ബന്ധം കുറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെത്തിയ ബിന്‍ സല്‍മാനെ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ മോദി കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. ‘ പാക്കിസ്ഥാന് 20 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ ‘തീവ്രവാദ വിരുദ്ധ’ ഉദ്യമങ്ങളെ പ്രകീര്‍ത്തിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വന്‍ വരവേല്‍പ്പ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനവുമായി മുന്നോട്ടു വന്നിരുന്നു.