Friday, April 26, 2024
spot_img

അഫ്ഗാനിസ്ഥാൻ ഒരു ചെറിയ ടീമല്ല!! പാകിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

ഷാർജ : ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ചരിത്രത്തിലേക്ക് നടന്ന് കയറി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ടീം സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം അവശേഷിക്കെ അഫ്ഗാനിസ്ഥാൻ 2–0ന് സ്വന്തമാക്കി. ക്രിക്കറ്റിലെ പ്രമുഖ ടീമിനെതിരെ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര സ്വന്തമാക്കുന്നത്.

രണ്ടാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസിലെത്താനെ സാധിച്ചുള്ളു. താരതമ്യേനെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാൻ ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 57 പന്തുകളിൽ നിന്ന് 64 റൺസെടുത്ത ഇമാദ് വസീമിന്റെയും 25 പന്തിൽ 32 റൺസെടുത്ത ക്യാപ്റ്റൻ ശതബ് ഖാന്റെയും പ്രകടനങ്ങളാണ് പാകിസ്ഥാന് പോരാടാവുന്ന സ്‌കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും തകർത്തടിച്ചതോടെ അഫ്ഗാനിസ്ഥാൻ വിജയം ഏറെക്കുറെ ഉറപ്പിച്ചു . 49 പന്തിൽ 44 റൺസെടുത്ത് ഗുർബാസ് റൺഔട്ടായി. ഇബ്രാഹിം സദ്രാൻ 40 പന്തിൽ 38 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (9 പന്തിൽ 14), നജിബുല്ല സദ്രാനും (12 പന്തിൽ 23) തകര്‍ത്തടിച്ചതോടെ മത്സരവും പരമ്പരയും അഫ്ഗാനിസ്ഥാന്റെ കൈകളിലെത്തി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം തിങ്കളാഴ്ച ഷാർജയിൽ വച്ച് നടക്കും. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്.

Related Articles

Latest Articles