Tuesday, May 21, 2024
spot_img

ലാവലിൻ കേസും,സ്വ‍ർണക്കടത്ത് കേസും നാളെ സുപ്രീംകോടതിയിൽ ;രാഷ്ട്രീയ കേരളത്തിന് നാളെ നിർണായക ദിനം

ദില്ലി:32 തവണ മാറ്റി വച്ചതിന് ശേഷം ലാവലിന്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.സ്വര്‍ണക്കടത്തു കേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന ഇഡിയുടെ ഹര്‍ജിയിലും നാളെ തീര്‍പ്പുണ്ടാകും.രണ്ട് ഹ‍ർജികളും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്.കേരളത്തെ വലച്ച 2 കേസുകളാണ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നത്.നാളെ രാഷ്ട്രീയ കേരളത്തിന് നിർണായക ദിനമാ യിരിക്കും

നാളെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാല്‍ മാത്രം കേസ് ഇനിയും മാറ്റിയേക്കാം. അതല്ലെങ്കില്‍ വിശദമായ വാദത്തിനാണ് സാധ്യത. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റി വച്ചു.

സ്വര്‍ണക്കടത്ത് കേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന ഇഡിയുടെ ഹര്‍ജിയിലും നാളെ തീര്‍പ്പുണ്ടാകും. ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജിയും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. സംസ്ഥാനത്ത് കേസിന്റെ വിചാരണ നടപടികൾ സുതാര്യമായി നടക്കില്ലെന്നും അതിനാൽ വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം.വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണെന്ന് വ്യക്തമാക്കി കേസിൽ കക്ഷി ചേരാൻ കേരളം നൽകിയ അപേക്ഷ കോടതി അനുവദിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. കേരളത്തിനായി കപിൽ സിബലും.

Related Articles

Latest Articles