Thursday, May 2, 2024
spot_img

ചൈനീസ് സന്ദർശനത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഹൃദയാഘാതം?വാർത്ത പുറത്ത് വിട്ട് മുൻ റഷ്യൻ ലഫ്റ്റനന്റ് ജനറലിന്റെ ടെലഗ്രാം ചാനൽ ; നിഷേധിച്ച് ക്രെംലിൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ഒരു മുൻ റഷ്യൻ ലഫ്റ്റനന്റ് ജനറലിന്റെ ടെലഗ്രാം ചാനലാണ് ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടത്. പിന്നാലെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ഈ വാർത്ത പ്രത്യക്ഷപ്പെട്ടു.എന്നാൽ പുട്ടിന്റെ ഓഫീസായ ക്രെംലിൻ വാർത്ത നിഷേധിച്ചു. പുട്ടിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ക്രെംലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലുള്ള കിടപ്പുമുറിയിൽ പുട്ടിനെ തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ‘ജനറൽ എസ്‌വിആർ’ എന്ന ടെലഗ്രാം ചാനലിൽ വന്ന പോസ്റ്റ്. ഉടൻ തന്നെ ഡോക്ടർമാർ സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ച് വൈദ്യസഹായം ലഭ്യമാക്കിയതായും ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിച്ചതായും ചാനലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. അപ്പാർട്ട്മെന്റിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്കു പുട്ടിനെ മാറ്റിയതായും പോസ്റ്റിൽ പറയുന്നു.

എന്നാൽ വ്ളാഡിമിർ പുട്ടിൻ പൂർണ ആരോഗ്യവാനാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ‘അദ്ദേഹം സുഖമായിരിക്കുന്നു. ഈ വാർത്ത പതിവുപോലെ വ്യാജമാണ്.’– പെസ്കോവ് പറഞ്ഞു.

പൊതുവേദികളിൽ പുട്ടിനുമായി രൂപസാദൃശ്യമുള്ളയാളാണ് പ്രത്യക്ഷപ്പെടുന്നതെന്ന വാർത്തയും പെസ്കോവ് നിഷേധിച്ചു. ‘ഇതു തീർത്തും അസംബന്ധമാണ്. ഇതു കേൾക്കുമ്പോൾ ചിരിവരുന്നതല്ലാതെ ഒന്നും തോന്നുന്നില്ല.’ – പെസ്കോവ് കൂട്ടിച്ചേർത്തു.

ഈ മാസം ഏഴിന് എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച പുട്ടിൻ, കഴിഞ്ഞയാഴ്ച ചൈന സന്ദർശിച്ചിരുന്നു

Related Articles

Latest Articles