Monday, April 29, 2024
spot_img

സ്വാതന്ത്ര്യദിനാഘോഷം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാനൊരുങ്ങുന്ന വേളയിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) മുന്നറിയിപ്പ്. ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണികളുണ്ടെന്ന് ഐബി വ്യക്തമാക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് പോലീസിന് നിർദേശം.

പത്ത് പേജുള്ള റിപ്പോർട്ടാണ് ഇതുസംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ സമർപ്പിച്ചത്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വധിച്ച സംഭവം, ഉദയ്പൂർ-അമരാവതി എന്നിവിടങ്ങളിൽ ഇസ്ലാമിക ഭീകരർ നടത്തിയ കൊലപാതകങ്ങൾ എന്നിവയെക്കുറിച്ചും ഐബി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഡൽഹി പോലീസ് കനത്ത ജാഗ്രതയിൽ തുടരണമെന്ന് ഐബിയുടെ നിർദേശം.

ജയ്‌ഷെ, ലഷ്‌കർ ഭീകരർക്ക് ലോജിസ്റ്റിക്‌സ് പിന്തുണകൾ ഉൾപ്പെടെ നൽകി ഭീകരാക്രമണത്തിന് പ്രകോപിപ്പിക്കുകയാണ് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലുള്ള സുപ്രധാന നേതാക്കളെ ആക്രമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജമ്മുകശ്മീരിൽ ഭീകരാക്രമണം നടത്താൻ സംഘം പദ്ധതിയിടുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. ടിഫിൻ ബോംബ്, സ്റ്റിക്കി ബോംബ്, ആളില്ലാത്ത വാഹനങ്ങളെ വ്യോമമാർഗം എത്തിക്കൽ എന്നിവ വഴി ആക്രമണം നടത്തിയേക്കാം. അതിനാൽ ഡൽഹി പോലീസും ബിഎസ്എഫും ജാഗരൂകരായിരിക്കണമെന്നാണ് നിർദേശം.

Related Articles

Latest Articles