അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് പരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച 38 പേരില്‍ മൂന്നു മലയാളികള്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ കുറക്കാരെന്നു കണ്ടെത്തിയ 49ല്‍ 38 പേര്‍ക്കാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും പേര്‍ക്കു ഒറ്റയടിക്കു തൂക്കുകയര്‍ വിധിക്കുന്നത് ആദ്യമാണ്.
21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര് പട്ടേല്‍ വിധി പറഞ്ഞത്. 2008 ജൂലൈ 26ന് വൈകിട്ട് 6.32നും 7.45നും ഇടയില്‍ അഹമ്മദാബാദ് നഗരത്തിലെ സിവില്‍ ആശുപത്രി, ബസ്, കാര്‍ പാക്കിങ്ങുകള്‍ തുടങ്ങി 21 ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. 56 പേര് മരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തയായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കേസുമായി ബന്ധപ്പെട്ട് 78 പേരാണ് അറസ്റ്റിലായത്. ഇതില്‍ നാലു പേര് മലയാളികൾ. 547 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. 1163 സാക്ഷികളെ വിസ്തരിച്ചു.

