Monday, May 6, 2024
spot_img

ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഡോക്ടർമാർക്ക് ചായ കൊടുക്കരുത്; പുതിയ സർക്കുലർ പുറത്തിറക്കി എയിംസ് ആശുപത്രി

ദില്ലി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ പലഹാരങ്ങളോ എത്തിച്ചുനൽകരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

പുതിയ ഡയറക്ടർ എം ശ്രീനിവാസാണ് കർശന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. മുതിർന്ന ജീവനക്കാർക്ക് സെക്യൂരിറ്റി ജോലിയിലുള്ളവർ ചായയും പലഹാരങ്ങളും എത്തിച്ചുനൽകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. ജോലിസമയത്ത് ഇത്തരത്തിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. ഒരു സെക്യൂരിറ്റി ജീവനക്കാരൻ തനിക്ക് ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് ചായയുമായി പോകുന്നത് ഡയറക്ടർ കണ്ടിരുന്നു. കാർഡിയോതൊറാസിക് ആന്റ് ന്യൂറോസയൻസ് സെന്ററിലായിരുന്നു സംഭവം. ഇതേക്കുറിച്ച് ഡയറക്ടർ അന്വേഷിച്ചു. തുടർന്നാണ് പുതിയ ഉത്തരവ്.

ജീവനക്കാരുടെ ഇത്തരം നടപടികൾ സുരക്ഷാച്ചുമതലയെ ബാധിക്കും. സുരക്ഷാജോലിക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. സെക്യൂരിറ്റി ജോലിക്കും രോ​ഗികളെ സഹായിക്കാനും നിർദ്ദേശിച്ചിരിക്കുന്ന ജീവനക്കാർ അതാത് ജോലി മാത്രം ചെയ്താൽ മതി. സെക്യൂരിറ്റി ജീവനക്കാരുടെ ചുമതല ഉള്ളവരും കഫറ്റീരിയ നടത്തിപ്പുകാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഡോക്ടർമാരും ഉദ്യോ​ഗസ്ഥരും മാധ്യമങ്ങളുമായി സംവദിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോ​ഗസ്ഥർ മാത്രം മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവച്ചാൽ മതിയെന്നാണ് പുതി‌യ നിർദ്ദേശം. എയിംസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകേണ്ടി വന്നാൽ അതിനു മുൻകൂർ അനുമതി വാങ്ങണമെന്നും ഡയറക്ടർ വ്യക്തമാക്കി.

Related Articles

Latest Articles