Sunday, May 19, 2024
spot_img

രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി; ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ദില്ലി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേറ്റു. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമായിരുന്നു വിരമിച്ചത്.

2021 മെയ് 31-ന് ഈസ്റ്റേൺ ആർമി കമാൻഡറായിട്ടാണ് അദ്ദേഹം വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ചവരേയും സിഡിഎസ് നിയമനത്തിന് പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി. നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച അനിൽ ചൗഹാൻ, സേനയിൽ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.

1981ൽ 11 ഗൂർഖ റൈഫിൾസിന്റെ ഭാഗമായി കരസേനയിൽ ചേർന്ന അനിൽ ചൗഹാൻ കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകരവിരുദ്ധ നടപടികൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലകളിലെ സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ), കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് മേധാവി തുടങ്ങിയ പദവികൾ വഹിച്ചു. പരമവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles