Friday, May 3, 2024
spot_img

കേരളത്തിൽ പ്രകൃതിദുരന്തവും വ്യോമാക്രമണവും അറിയാൻ വ്യോമസേന സംവിധാനം! തിരുവനന്തപുരത്തും കൊച്ചിയിലും ഉടൻ വരുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴും വ്യോമാക്രമണം അടക്കം ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്ക് അപായ മുന്നറിയിപ്പ് നൽകാൻ വ്യോമസേനയുടെ സംവിധാനം ഉടൻ കേരളിത്തിൽ. സൈന്യത്തെ ഉൾപ്പെടുത്തിയുള്ള എയർ റെയ്ഡ് വാണിംഗ് കമ്മ്യൂണിക്കേഷൻ സിസ്റ്റം തിരുവനന്തപുരത്തും കൊച്ചിയിലും സംവിധാനം ഉടൻ നിലവിൽ വരും. പിന്നാലെ മറ്റ് ജില്ലകളിലും. അഗ്നിശമന സേനയാണ് മുന്നറിയിപ്പ് സംവിധാനവും കൺട്രോൾ റൂമും സജ്ജമാക്കുന്നത്.

തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനവുമായും കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡുമായും ബന്ധിപ്പിച്ചുള്ളതാണ് എയർ റെയ്ഡ് വാണിംഗ് കമ്മ്യൂണിക്കേഷൻ സിസ്റ്റം. വ്യോമ, നാവിക കേന്ദ്രങ്ങളെ ഫയർഫോഴ്സ് കേന്ദ്രങ്ങളിലെ കൺട്രോൾ റൂമുകളുമായി ഹോട്ട്‌ലൈൻ മുഖേന ബന്ധിപ്പിക്കുന്നുവെന്നതാണ് സവിശേഷത. അടിയന്തര സാഹചര്യങ്ങളുണ്ടാവുമ്പോൾ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം മുന്നറിയിപ്പ് സൈറൺ തുടർച്ചയായി മുഴക്കും. ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വിഭാഗത്തെ ഇത് സഹായിക്കും. സൈന്യത്തിന് ലഭിക്കുന്ന പ്രകൃതിദുരന്ത മുന്നറിയിപ്പുകൾക്ക് അനുസരിച്ചാവും മുന്നറിയിപ്പുകൾ.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് എയർ റെയ്ഡ് വാണിംഗ് കമ്മ്യൂണിക്കേഷൻ സിസ്റ്റം സജ്ജമാക്കുന്നത്. ഒരെണ്ണത്തിന് 15ലക്ഷം ചെലവുണ്ടാവും. ഈ തുക കേന്ദ്രം പിന്നീട് തിരികെനൽകും. കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, സൈറണുകൾ, കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, ഹോട്ട്‌ലൈൻ, ഡിജിറ്റൽ ഡിസ്‌പ്ലെ പാനലുകൾ എന്നിവയുൾപ്പെട്ടതാണ് എയർ റെയ്ഡ് വാണിംഗ് കമ്മ്യൂണിക്കേഷൻ സിസ്റ്റം. തിരുവനന്തപുരം ചെങ്കൽചൂളയിലെയും കൊച്ചിയിൽ ഗാന്ധിനഗറിലെയും ഫയർഫോഴ്സ് സ്റ്റേഷനുകളിലാണ് സംവിധാനമൊരുക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് ചുമതല.

സിവിൽ ഡിഫൻസ്

ദുരന്തനിവാരണത്തിലും രക്ഷാദൗത്യത്തിലും അഗ്നിരക്ഷാസേനയെ സഹായിക്കാനുള്ള സന്നദ്ധസേനയാണ് സിവിൽഡിഫൻസ്. 6200വോളന്റിയർമാർ ആദ്യഘട്ടത്തിലുണ്ടായിരുന്നു. 3300പേരുടെ പരിശീലനം വിയ്യൂർ ഫയർഫോഴ്സ് അക്കാഡമിയിൽ പുരോഗമിക്കുന്നു. പരിശീലനത്തിന് 2.12കോടി ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ചെലവിടുന്നു. 129ഫയർ സ്റ്രേഷനുകളിലായി 5000അഗ്നിരക്ഷാ സേനാംഗങ്ങളേയുള്ളൂ.

തന്ത്രപ്രധാന കേന്ദ്രം

1.മഹാനിധിയുള്ള ശ്രീ പദ്‌മനാഭസ്വാമിക്ഷേത്രം, ബഹിരാകാശക്കുതിപ്പ് നടത്തുന്ന വിക്രംസാരാഭായ് സ്‌പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർക്കാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ തിരുവനന്തപുരത്ത്.

  1. തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കയിൽ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു. മാലെദ്വീപിലേക്ക് ഒന്നേകാൽ മണിക്കൂർ പറന്നാൽ മതി. അവിടെയും ചൈനീസ് സാന്നിദ്ധ്യം കൂടുന്നു. രാജ്യത്തിന്റെ തെക്കു-പടിഞ്ഞാറ് അതിർത്തിയിലാണ് കേരളം.

Related Articles

Latest Articles