Sunday, April 28, 2024
spot_img

ലോകത്തിന്റെ ഭാവിയെ നിശ്ചയിക്കുന്ന നിർണ്ണായകമായ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി; രാഷ്ട്ര പിതാവിന്റെ സ്‌മൃതികുടീരത്തിൽ ആദരമർപ്പിച്ച് ലോകനേതാക്കൾ; ഉഭയകക്ഷി ചർച്ചകൾക്കും മാദ്ധ്യമ സമ്മേളനങ്ങൾക്കും ശേഷം വിജയകരമായ ജി20 സമ്മേളനങ്ങൾക്ക് ഇന്ന് തിരശ്ശീല വീഴും

ദില്ലി: ഭാരതം അദ്ധ്യക്ഷപദം അലങ്കരിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഒരു ഭാവി എന്ന വിഷയത്തിൽ ഉച്ചകോടിയുടെ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി. രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരവ് അർപ്പിച്ച ശേഷമാണ് ലോക നേതാക്കൾ സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിൽ എത്തിയത്. മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷം ഉഭയകക്ഷി ചർച്ചകളും ലോക നേതാക്കളുടെ മാദ്ധ്യമ സമ്മേളനങ്ങളും നടക്കും. അതിനു ശേഷം അടുത്ത ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷപദം ഔപചാരികമായി ബ്രസീലിനു കൈമാറിയാകും ദില്ലി ഉച്ചകോടിക്ക് സമാപനമാകുക. നേതാക്കളുടെ സംയുക്ത പ്രസ്താവനയും ആഫിക്കൻ യൂണിയനെ ജി 20 യിൽ ഉൾപ്പെടുത്തിയതും ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

യുക്രൈൻ വിഷയത്തിൽ റഷ്യയും ചൈനയും ഒരുഭാഗത്തും പാശ്ചാത്യ രാജ്യങ്ങൾ മറുഭാഗത്തും നിലയുറപ്പിച്ചതോടെയാണ് സമവായമുണ്ടാകുമോ എന്ന ആശങ്കയുണ്ടായത്. എന്നാൽ റഷ്യൻ അധിനിവേശം എന്ന പ്രയോഗം ഉപയോഗിക്കാതെ തന്നെ യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും. യുദ്ധം വികസിതവും വികസ്വരവുമായ രാജ്യങ്ങളെ ദോഷകരമായി ബാധിച്ചെന്നും സംയുക്ത പ്രസ്‌താവനയിൽ ഉൾപ്പെടുത്താനായത് ആശ്വാസമായി. നൂറു കോടിയിലധികം ജനസംഖ്യയുള്ള ആഫ്രിക്കൻ യൂണിയൻ ജി 20 യിൽ വരുന്നത് കൂട്ടായ്‌മയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്നലെയായിരുന്നു ലോകനേതാക്കൾക്കായി രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്ന്. ലോകനേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും വിരുന്നിൽ പങ്കെടുത്തു.

അതേസമയം ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രിക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം. ആഫ്രിക്കൻ യൂണിയൻ രാജ്യങ്ങളുടെ തലവന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് അടക്കമുള്ള പ്രമുഖ വ്യക്തികൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. 20 അംഗരാജ്യങ്ങളിൽ നിന്നും 09 അതിഥി രാജ്യങ്ങളിൽ നിന്നും 14 അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നുമുള്ള നേതാക്കൻമാരും പ്രതിനിധി സംഘത്തലവന്മാരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വസുധൈവ കുടുംബകം എന്ന ഭാരതത്തിന്റെ സന്ദേശം ജി20 അംഗരാജ്യങ്ങൾ ഏറ്റെടുത്തു. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നീ മൂന്നു വിഷയങ്ങളിൽ മൂന്നു സമ്മേളനങ്ങളാണ് ഉച്ചകോടിയിൽ നടന്നത്.

Related Articles

Latest Articles