Saturday, November 14, 2026

ഒന്ന് പോലും നഷ്ടപ്പെട്ടില്ല! ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത മുഴുവന്‍ യുദ്ധവിമാനങ്ങളെയും അണിനിരത്താന്‍ വ്യോമസേന; ബ്രഹ്മപുത്രയുടെ തീരത്ത് നാളെ “ബറാക്ക്” പ്രകടനം

ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ 93-ാമത് എയർഫോഴ്‌സ് ദിനാഘോഷങ്ങളുടെ ഭാഗമായി, ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ലച്ചിത് ഘട്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പങ്കെടുത്ത എല്ലാ വിമാനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള “ബറാക്ക്” എന്ന പ്രത്യേക പ്രകടന പറക്കൽ നടക്കും.

നാളെ നടക്കുന്ന ഈ പ്രകടനത്തിൽ, ഇന്ത്യയുടെ മുൻനിര പോർവിമാനങ്ങളായ SU -30 MKI, റഫാൽ, LCA തേജസ്, മിറാഷ് വിമാനങ്ങൾ അണിനിരക്കും. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണമാ ഓപ്പറേഷൻ സിന്ദൂറിൽ ഈ വിമാനങ്ങളെല്ലാം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഈസ്റ്റേൺ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് എയർ മാർഷൽ സൂരത് സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ മറ്റ് വിശിഷ്ട വ്യക്തികളായ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർക്കൊപ്പം നദിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ഈ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിക്കും.

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികം പ്രമാണിച്ചാണ്, വടക്കുകിഴക്കൻ മേഖലയിൽ ആദ്യമായി ഇത്രയും വിപുലമായ തോതിലുള്ള എയർ ഷോ ഗുവാഹത്തിയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. ഈസ്റ്റേൺ എയർ കമാൻഡിൻ്റെ നേതൃത്വത്തിൽ ബ്രഹ്മപുത്ര നദിക്ക് മുകളിലെ ലച്ചിത് ഘട്ടിലാണ് പ്രദർശനം നടക്കുക. 25-ൽ അധികം ഫോർമേഷനുകളിലായി 75-ൽ അധികം പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശനത്തിൽ അണിനിരക്കും.

റഫാൽ, സുഖോയ്-30 MKI, മിഗ്-29, മിറാഷ്, ജാഗ്വാർ തുടങ്ങിയ മുൻനിര യുദ്ധവിമാനങ്ങളും, അപ്പാച്ചെ പോലുള്ള ആക്രമണ ഹെലികോപ്റ്ററുകളും, C-17 ഗ്ലോബ്മാസ്റ്റർ, C-130 ഹെർക്കുലീസ്, IL-78 റിഫ്യൂലർ തുടങ്ങിയ ഭാരവാഹക വിമാനങ്ങളും പങ്കുചേരും. കൂടാതെ സൂര്യകിരൺ എയറോബാറ്റിക് ടീമിൻ്റെയും അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളുടെയും പ്രകടനവും നടക്കും.

“വടക്കുകിഴക്കൻ മേഖലയിൽ ഇത്രയും വിപുലമായ എയർ ഷോ വ്യോമസേന നടത്തുന്നത് ഇത് ആദ്യമായാണ്. വ്യോമസേനയുടെ മിക്കവാറും എല്ലാ വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശനത്തിനുണ്ടാകും,” – പ്രതിരോധ പി.ആർ.ഒ. ലഫ്റ്റനൻ്റ് കേണൽ മഹേന്ദർ റാവത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. “നമ്മുടെ ആകാശയോദ്ധാക്കളുടെ വൈദഗ്ധ്യവും കൃത്യതയും വ്യോമശേഷിയും പൊതുജനങ്ങൾക്ക് അടുത്തറിയാൻ ഇതിലൂടെ അവസരം ലഭിക്കും.സൈനിക ശക്തി പ്രദർശിപ്പിക്കുക മാത്രമല്ല, ഈ മേഖലയിലെ യുവാക്കളെ സായുധ സേനയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ടെന്ന് റാവത്ത് കൂട്ടിച്ചേർത്തു. “രാജ്യസ്നേഹം, അച്ചടക്കം, സേവന മനോഭാവം എന്നിവ വളർത്താൻ ഈ പരിപാടി ലക്ഷ്യമിടുന്നു. നദിയുടെ ഇരുവശങ്ങളിലും പൊതുജനങ്ങൾക്കായി കാണാനുള്ള പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.”ഗുവാഹത്തി, തേസ്പൂർ, ജോർഹട്ട്, ചബുവ, ഹാഷിമാര, ബാഗ്‌ഡോഗ്ര, പനഗഡ് ഉൾപ്പെടെ മേഖലയിലെ ഏഴ് വ്യോമ താവളങ്ങളിൽ നിന്നായിരിക്കും വിമാനങ്ങൾ പ്രവർത്തിക്കുക.

Related Articles

Latest Articles