തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിൽ കുട്ടികൾ ആലപിച്ച സംഘ ഗണഗീതം സോഷ്യൽ മീഡിയയിൽ റിപോസ്റ്റ് ചെയ്ത് സതേൺ റെയിൽവേ. എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്.
ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ഭരണഘടനയെ തൊട്ടു പ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർക്കാർ പരിപാടിയിൽ ദേശഭക്തിഗാനം പാടരുതെന്ന നിലപാട് ഭൂഷണമല്ലെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
കേരളത്തിന് ലഭിച്ച മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്‌ഘാടനം ചെയ്തത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർക്ക് പുറമേ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ടവർക്കായിരുന്നു ആദ്യ യാത്ര. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ വരെ യാത്ര ചെയ്തു.

