ദില്ലി: മോദി സർക്കാരിന്റെ നയതന്ത്ര മികവിൽ ഒരു പൊൻതൂവൽ കൂടി. മലയാളികളടക്കം 694 പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തെ യുക്രെയിനിലെ സുമിയിൽ നിന്ന് രക്ഷപ്പെടുത്തിയതോടെ ഓപ്പറേഷൻ ഗംഗ (Operation Ganga) ശുഭകരമായി പര്യവസാനിച്ചു. ഈ വിദ്യാർത്ഥി സംഘം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി.
എൽവിവിൽ നിന്ന് പ്രത്യേക ട്രെയിനിൽ പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികൾ ഇന്നലെ വൈകിട്ടാണ് റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യൻ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ് പോൾട്ടാവയിൽ എത്തിച്ചത്. അവിടെ നിന്നും എൽവിവിലെത്തിക്കുകയായിരുന്നു.
ആശങ്കയോടെ യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുടെയും യുക്രെയ്ന്റേയും പിന്തുണ ഇന്ത്യ തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്കിയുമായും പലവട്ടം ചർച്ച നടത്തി. തുടർന്നാണ് കീവിലും കാർഖീവിലും സുമിയലും അടക്കം നഗരങ്ങളിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളെ അതിർത്തികളിലേക്ക് എത്തിക്കാൻ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപ്പറേഷൻ ദൗത്യം വേഗത്തിലായി ഓപ്പറേഷൻ ദൗത്യത്തിന് വേഗം കൂട്ടാനും വിദ്യാർത്ഥികളുടെ അടക്കം ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് അതിർത്തി മേഖലകളിലെത്തി ഓപ്പറേഷൻ ദൗത്യത്തിന്റെ ഭാഗമായി. ഇത് രക്ഷാദൗത്യം കൂടുതൽ ഊർജ്ജിതമാക്കാൻ സഹായിച്ചു.

