Saturday, May 18, 2024
spot_img

‘അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്’: ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി അമേരിക്കൻ സ്ഥാനപതി

ദില്ലി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വത്താണെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഗ്രാമീണ പശ്ചാത്തലത്തിൽനിന്നു വന്ന് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായി വളർന്ന ഡോവലിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ്, അദ്ദേഹം ലോകത്തിന്റെ തന്നെ സ്വത്താണെന്ന ഗാർസെറ്റിയുടെ പരാമർശം. ദില്ലിയിൽ ഇന്ത്യ- അമേരിക്ക സംയുക്ത സംരംഭമായ ‘എമർജിങ് ടെക്നോളജീസ് മീറ്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടിയുറച്ച നയതന്ത്ര ബന്ധത്തിൽ ഗാർസെറ്റി സന്തുഷ്ടത രേഖപ്പെടുത്തി.

‘‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പരിശോധിച്ചാൽ, അതു വളരെ ശക്തമാണെന്നു മനസ്സിലാക്കാം. ഇന്ത്യക്കാർക്ക് അമേരിക്കൻ ജനതയെയും അമേരിക്കൻ ജനതയ്ക്ക് ഇന്ത്യക്കാരെയും ഇഷ്ടമാണെന്നത് വളരെ വ്യക്തമാണ്. ഡിജിറ്റൽ പേയ്മെന്റ്സ്, ഫിനാൻഷ്യൽ ടെക്നോളജി എന്നീ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയതാണ്. ഇന്ത്യയിൽ ഗ്രാമത്തിൽ ജീവിക്കുന്ന ചായ വിൽപനക്കാരനു പോലും സർക്കാർ നൽകുന്ന പണം പൂർണമായും അവരുടെ ഫോണിലേക്ക് സ്വീകരിക്കാൻ സാധിക്കുന്നു’ – എറിക് ഗാർസെറ്റി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്ത്രപധാനമായ ഇടപാടുകൾ സംബന്ധിച്ച അവസാനഘട്ട ചർച്ചകളുടെ ഭാഗമായി അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. എഫ്– 404 പോർവിമാന എൻജിൻ ഇടപാടിന്റെ സാങ്കേതികവിദ്യാ കൈമാറ്റം, സെമികണ്ടക്ടർ നിർമാണം, ക്വാണ്ടം കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ രംഗങ്ങളിൽ സഹകരണം എന്നിവ സംബന്ധിച്ച നയപരമായ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ചർച്ചയാകും എന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles