Monday, May 20, 2024
spot_img

അജിത്ത് ആരാധകരുടെ കാത്തിരിപ്പിന് വിരാമം: വലിമൈ ടീസർ ഉടൻ….

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന തല അജിത്തിന്റെ ചിത്രം “വലിമൈ” എത്തുന്നു. നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് വലിമൈ. മറ്റ് അജിത്ത് ചിത്രങ്ങളെ പോലെ പ്രഖ്യാപനം മുതൽ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്‍ടിച്ചുകൊണ്ടാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രവും വരുന്നത്.

ഇപ്പോൾ ആരാധകർക്ക് ആവേശം പകരുന്ന ഒരു റിപ്പോർട്ടാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിന്‍റെ റിലീസിനെ സംബന്ധിച്ചാണ് അത്. വലിമൈയുടെ ടീസര്‍ അടുത്ത ആഴ്ച്ച പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന. ടീസറിന്‍റെ എഡിറ്റിംഗ് പുരോഗമിക്കുകയാണെന്നും ടീസര്‍ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചിത്രത്തിന്‍റേതായി ഇതുവരെ ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്റര്‍, ഒരു ഗാനം എന്നിവയാണ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍. ഹിറ്റ് ചിത്രം”യെന്നൈ അറിന്താലി”നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. മാത്രമല്ല ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. സിനിമയിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ദീപാവലി റിലീസ് ആയിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അന്തിമ തീരുമാനം അണിയറ പ്രവർത്തകർ കൈകൊണ്ടിട്ടില്ലെന്നാണ് വിവരം.

Related Articles

Latest Articles