Monday, May 6, 2024
spot_img

എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചു വിടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിധി വരുന്നത് വരെ സര്‍ക്കാരിന് സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ തന്നെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 30നകം 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടാനാണ് കെഎസ്ആര്‍ടിയുടെ നീക്കം. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് കെ എസ് ആര്‍ ടി സി യുടെ നീക്കം.

സ്ഥിരം തസ്തികകളിലേക്കല്ല എംപാനല്‍ ഡ്രൈവര്‍മാരെ നിയമിച്ചതെന്നും, താല്‍ക്കാലിക നിയമനത്തിന് കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. കണ്ടക്ടര്‍ നിയമനം നടത്തിയത് പോലെയല്ല എംപാനല്‍ ഡ്രൈവര്‍ നിയമനം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ഒരു ബസിന് എത്ര ജീവനക്കാര്‍ എന്ന അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും കെഎസ് ആര്‍ടിസി സുപ്രീം കോടതിയെ അറിയിച്ചു. സമയപരിധി നാളെ അവസാനിക്കാനിരിക്കെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് അടുത്ത ദിവസം തന്നെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ആവശ്യപ്പെടും.

Related Articles

Latest Articles